
ഡല്‍ഹി: ഡ്രൈവിങ് ലൈസൻസിനുള്ള ചട്ടങ്ങളില്‍ സമഗ്രമാറ്റങ്ങള്‍ നിർദേശിച്ച് കേന്ദ്രം.
മോട്ടോർ വാഹന ചട്ട ഭേദഗതിയുടെ കരട് പുറത്തിറക്കി. ലേണേഴ്സ് പരീക്ഷ ജയിക്കാൻ വേണ്ട മാർക്ക് 60 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയർത്തും.
അപേക്ഷ നല്‍കി 15 ദിവസത്തിനകം റോഡ് സുരക്ഷ സംബന്ധിച്ച ക്ലാസില്‍ പങ്കെടുക്കണം എന്നും വ്യവസ്ഥയുണ്ട്. അപേക്ഷകരുടെ ആരോഗ്യവിവരങ്ങളും അപേക്ഷയുടെ ഭാഗമാക്കും. അപസ്മാരമുണ്ടോ, അതിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ചോദിക്കും. അതെ എന്നാണ് ഉത്തരമെങ്കില്‍ ലൈസൻസ് ലഭിക്കില്ല. കാഴ്ചക്കുറവ്, രാത്രി കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കേള്‍വിക്കുറവ്, കൈകാലുകളുടെ പ്രവർത്തന പരിമിതി തുടങ്ങിയവയും വെളിപ്പെടുത്തണം.
മരുന്നുകളോട് അലർജിയുണ്ടോ, ശരീരത്തില്‍ ഇംപ്ലാന്റുകളുണ്ടോ, മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നീ വിവരങ്ങളും തേടും. രക്തഗ്രൂപ്പ്, അവയവദാന സന്നദ്ധത, അടിയന്തരമായി ബന്ധപ്പെടേണ്ട വ്യക്തിയുടെ പേര്, ഫോണ്‍ നമ്പർ എന്നിവയും ലൈസൻസില്‍ ഉള്‍പ്പെടുത്താൻ നിർദേശമുണ്ട്.
സ്മാർട്ട് കാർഡിന് പകരം പിവിസി / ലാമിനേറ്റഡ് കാർഡിലേക്ക് ലൈസൻസ് മാറും. ക്യുആർ കോഡിലൂടെ വിവരങ്ങള്‍ പരിശോധിക്കാം. പേര്, വിലാസം തിരുത്താനുള്ള നടപടികള്‍ ലളിതമാക്കും. വിലാസം മാറ്റാനുള്ള അപേക്ഷ 30 ദിവസത്തിനകം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ലെങ്കില്‍ അംഗീകരിച്ചതായി കണക്കാക്കും.
കരട് ചട്ടങ്ങളെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും [email protected] എന്ന ഇമെയിലിലൂടെയോ നേരിട്ടോ 30 ദിവസത്തിനകം ഗതാഗത മന്ത്രാലയത്തെ അറിയിക്കാം.






