ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസ് സി.ബി.ഐ. അവസാനിപ്പിച്ചു.
ജെസ്നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ക്ലോഷര് റിപ്പോര്ട്ട് സി.ബി.ഐ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ചത്. രാജ്യത്തിനകത്തും പുറത്തും നീണ്ട മൂന്ന് വര്ഷത്തെ അന്വേഷണത്തിനൊടുവിലാണ് സി.ബി.ഐ ക്ലോഷര് റിപ്പോര്ട്ട് സമര്പ്പിക്കുന്നത്. കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കോടതി നിലപാട് നിര്ണായകമാവും. കേസില് രണ്ടുപേരെ സി.ബി.ഐ. നുണപരിശോധനയക്ക് വിധേയമാക്കിയിരുന്നു. പോലിസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നു. തുടര്ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐക്ക് വിട്ടത്. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും താമസിക്കുന്ന സ്ഥലം കണ്ടെത്തിയെന്നും കേരളത്തിന് പുറത്ത് മറ്റൊരു സ്ഥലത്തായതിനാല് കോവിഡ് കാരണം യാത്ര സാധ്യമല്ലെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. തുടര്ന്നും കേസ് മുന്നോട്ട് പോകാത്ത സാഹചര്യത്തിലായിരുന്നു കുടുംബം സി.ബി.ഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചത്.
2018 മാര്ച്ച് 22-നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലെ രണ്ടാംവര്ഷ ബിരുദ വിദ്യാര്ഥിനിയായ ജെസ്ന മരിയ ജയിംസിനെ എരുമേലിയില്നിന്ന് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. 2021 ഫെബ്രുവരിയില് ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.യ്ക്ക് കൈമാറിയത്. ജെസ്നയെ കണ്ടെത്താന് സി.ബി.ഐ. ഇന്റര്പോള്വഴി 191 രാജ്യങ്ങളില് യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. ഏതെങ്കിലും വിദേശരാജ്യങ്ങളില് ഉണ്ടെങ്കില് കണ്ടെത്തുന്നതിനാണ് നോട്ടീസ് നല്കിയത്. എന്നാല് ഫലമുണ്ടായിട്ടില്ല.
STORY HIGHLIGHTS:Jesna Maria James Disappearance Case CBI ended