IndiaNews

റിസർവ് ബാങ്ക് പലിശ തീരുമാനം കാത്ത് വിപണി

ഉയർന്ന നാണയപ്പെരുപ്പവും പശ്ചിമേഷ്യയിലെ അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്നതിനാല്‍ ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ മുന്ന് ദിവസത്തെ ധന നയ അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല.

മുഖ്യപലിശ നിരക്കായ റിപ്പോ 5.25 ശതമാനത്തില്‍ തുടർന്നേക്കും. എന്നാല്‍ ഭാവിയില്‍ പലിശ വർദ്ധനയ്ക്ക് സാദ്ധ്യതകള്‍ വ്യക്തമാക്കി ന്യൂട്രല്‍ നിലപാട് തുടരാൻ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്ര അദ്ധ്യക്ഷനായ ധന നയ അവലോകന സമിതി തീരുമാനിച്ചേക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു. ആഗസ്റ്റ് അഞ്ചിനാണ് നയം പ്രഖ്യാപിക്കുന്നത്. ഇറാനും അമേരിക്കയുമായുള്ള സംഘർഷത്തിന്റെ വ്യാപനം, ഉയർന്ന ക്രൂഡോയില്‍ വില, കാലവർഷ ലഭ്യതയിലെ അനിശ്ചിതത്വം എന്നിവ നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുന്നതിനാല്‍ കരുതലോടെ നീങ്ങാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്. റിസർവ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പ്രധാന പരിഗണനയെന്ന് കഴിഞ്ഞ ദിവസം സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കിയിരുന്നു. ഒക്ടോബറിലെ ധന നയത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം വർദ്ധിപ്പിക്കാനാണ് സാദ്ധ്യത. വിപണിക്ക് ഉണർവ് പകരുന്നതിന് രണ്ട് വർഷത്തിനിടെ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് 1.25 ശതമാനം കുറച്ചിരുന്നു.

കരുതലോടെ ഓഹരി നിക്ഷേപകർ

പശ്ചിമേഷ്യയിലെ സംഘർഷം, റിസർവ് ബാങ്ക് പലിശ തീരുമാനം, ക്രൂഡോയില്‍ വിലയിലെ ചലനങ്ങള്‍ എന്നിവയാകും നടപ്പുവാരം ഓഹരി വിപണിയുടെ നീക്കത്തെ സ്വാധീനിക്കുക. ജൂലായില്‍ ജി.എസ്.ടി സമാഹരണത്തിലും വാഹന വില്‍പ്പനയിലും ദൃശ്യമായ ഉണർവ് സാമ്പത്തിക മേഖലയുടെ മുന്നേറ്റത്തിന്റെ സൂചനയാണ്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നതും വിപണിയില്‍ ആവേശം സൃഷ്‌ടിക്കുന്നു. കഴിഞ്ഞ വാരം മികച്ച നേട്ടത്തോടെയാണ് മുഖ്യ സൂചികകള്‍ വ്യാപാരം പൂർത്തിയാക്കിയത്. ആഗോള ടെക്ക് ഓഹരികളിലെ തിരുത്തല്‍ കണക്കിലെടുത്ത് വിദേശ നിക്ഷേപത്തിന്റെ ഒരു ഭാഗം ഇന്ത്യയിലേക്ക് ഒഴുകിയെത്തിയേക്കുമെന്ന് അനലിസ്‌റ്റുകള്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker