KeralaNews

തട്ടുകടക്കാരൻ്റെ മൃതദേഹം കിട്ടാൻ മണിക്കൂറുകള്‍ വൈകി;കൊന്ന ജഡ്ജിയുടെ മകന് മിനിറ്റുകള്‍ക്കകം ജാമ്യം

തട്ടുകടക്കാരൻ്റെ മൃതദേഹം കിട്ടാൻ മണിക്കൂറുകള്‍ വൈകി;കൊന്ന ജഡ്ജിയുടെ മകന് മിനിറ്റുകള്‍ക്കകം ജാമ്യം

ഉന്നതന്റെ പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച്‌ ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണൻ (54) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം.

പ്രതിക്ക് സ്റ്റേഷൻ ജാമ്യം നല്‍കിയ പോലീസ് നടപടിക്കെതിരെയാണ് സ്റ്റേഷന് മുന്നില്‍ രാത്രി ബന്ധുക്കള്‍ പ്രതിഷേധം നടത്തിയത്. പിതാവിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷമാണു ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെത്തിയാണ് കൊല്ലപ്പെട്ടയാളുടെ മക്കളും ബന്ധുക്കളും നീതി ആവശ്യപ്പെട്ട് ധർണയിരുന്നത്. പിതാവിന്റെ ചിതയടങ്ങുന്നതിനു മുൻപ് പ്രതിക്ക് ജാമ്യം കിട്ടിയതായി കുടുംബം ആരോപിച്ചു. തുടർന്ന് സ്റ്റേഷൻ ജാമ്യം നല്‍കി വിട്ടയച്ചിരുന്ന പ്രതിയെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.

പണവും സ്വാധീനവുമുള്ള ഉന്നതന്റെ മകനായതിനാലാണ് പ്രതിയെ മിനിറ്റുകള്‍ക്കകം വിട്ടയച്ചതെന്നും, തങ്ങളുടെ പിതാവിന്റെ മൃതദേഹം വിട്ടുനല്‍കാൻ മണിക്കൂറുകള്‍ വൈകിച്ച പോലീസ് പ്രതിയെ യാതൊരു നിയമനടപടികളും പൂർത്തിയാക്കാതെ യാത്രയാക്കിയെന്നും കുടുംബം ആരോപിച്ചു.

പോലീസ് നടപടിക്കെതിരെ കടുത്ത അമർഷവും സങ്കടവും രേഖപ്പെടുത്തി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മക്കള്‍ രംഗത്തെത്തി. “ഞങ്ങളുടെ അച്ഛനെ വാഹനമിടിച്ച്‌ കൊന്നവനെ, അച്ഛന്റെ മൃതദേഹം കിട്ടുന്നതിനു മുൻപ് സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു. കാരണം ഞങ്ങളുടെ അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ഉന്നതന്റെ മകനുമാണ്. നിയമം ഇവിടെ രണ്ടു രീതിയിലാണോ? ഇത്രയും നേരം പോലീസ് സ്റ്റേഷനു മുന്നില്‍ ഇരുന്നിട്ടും പൊലീസുകാർ ഒരക്ഷരം മിണ്ടുന്നില്ല. ഒരിക്കല്‍ അച്ഛനൊപ്പം ഒരു പരാതി നല്‍കാൻ ഈ സ്റ്റേഷനില്‍ വന്നിട്ടുണ്ട്. അന്ന് എന്റെ അച്ഛനെ തെറി വിളിച്ചവരാണ് ഈ പോലീസ് സ്റ്റേഷനിലുള്ളത്. ഇന്ന് അവർക്ക് മറുപടിയില്ല. നീ എന്നെ നിയമം പഠിപ്പിക്കരുതെന്നാണ് പ്രതിയുടെ അച്ഛൻ പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പകർത്താൻ ശ്രമിച്ച ബന്ധുക്കളുടെ ഫോണ്‍ വാങ്ങി ചിത്രങ്ങള്‍ പൊലീസിനെക്കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിച്ചു. നീതി കിട്ടാൻ ഏതറ്റം വരെയും പോകും.” മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ ഡ്രൈവിങ് ലൈസൻസില്ലാതെ കാറോടിച്ച പതിനേഴുകാരനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്. തുടക്കത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ (BNS) 281, 106 (1) വകുപ്പുകള്‍ പ്രകാരം നിസ്സാര കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെയും പ്രതിക്ക് മിനിറ്റുകള്‍ക്കകം ജാമ്യം ലഭിച്ചതില്‍ കടുത്ത ജനരോഷമുയർന്നതോടെയും ആഭ്യന്തര മന്ത്രി ഇടപെടുകയായിരുന്നു. സംസ്ഥാന ഡിജിപിയെയും കൊച്ചി സിറ്റി പോലീസ് കമ്മിഷണറെയും നേരിട്ട് വിളിച്ച്‌ വരുത്തിയ ആഭ്യന്തര മന്ത്രി സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ചു. തുടർന്നാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി മനഃപൂർവ്വമല്ലാത്ത നരഹത്യാകുറ്റം കൂടി ചുമത്താൻ പോലീസ് തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker