
ഇൻഡൊനീഷ്യയില്‍ 250 പേരുമായി സഞ്ചരിച്ച യാത്രാ കപ്പലില്‍ തീപ്പിടിത്തം; അഞ്ച് മരണം,
ക്കാർത്ത: ഇൻഡൊനീഷ്യൻ തീരത്ത് യാത്രാ ഫെറിക്ക് തീപിടിച്ചതിനെ തുടർന്ന് വൻ ദുരന്തം. അപകടത്തില്‍ അഞ്ച് പേർ മരിച്ചതായും 41 പേരെ കാണാതായതായും രാജ്യത്തെ തിരച്ചില്‍-രക്ഷാ ഏജൻസി അറിയിച്ചു.
കടലില്‍ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്.
ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര സെൻസോസ-2 എന്ന ഫെറിക്കാണ് ഞായറാഴ്ച രാവിലെ ഇൻഡൊനീഷ്യയിലെ മധുര ദ്വീപിന് സമീപം തീപ്പിടിച്ചത്. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുശേഷം കപ്പലില്‍ തീപ്പിടിച്ചതായി ക്യാപ്റ്റൻ അധികൃതരെ അറിയിച്ചെങ്കിലും, അതിന് തൊട്ടുപിന്നാലെ കപ്പലുമായുള്ള ആശയവിനിമയം പൂർണമായും നിലച്ചതായി അധികൃതർ അറിയിച്ചു.
തീപിടിത്തത്തെ തുടർന്ന് കപ്പലിന്റെ വലിയൊരു ഭാഗം കത്തിനശിച്ചു. മുകള്‍ഭാഗത്ത് നിന്ന് കറുത്ത പുക ഉയരുന്നതും ലൈഫ് ജാക്കറ്റുകള്‍ ധരിച്ച യാത്രക്കാർ രക്ഷയ്ക്കായി ഒരുവശത്ത് തടിച്ചുകൂടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീ പടർന്നതോടെ ചിലർ ജീവൻ രക്ഷിക്കാൻ കടലിലേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്.
അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന കപ്പലുകള്‍ ഉടൻ രക്ഷാപ്രവർത്തനത്തില്‍ പങ്കുചേർന്നു. കടലില്‍ വീണ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ രക്ഷാകപ്പലുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.




