
സൗദി:സൗദി അറേബ്യയില്‍ വൈദ്യുതി, വെള്ളം, മലിനജല സംസ്കരണം എന്നിവയുടെ നിരക്കുകള്‍ 2027 ജനുവരി ഒന്നുമുതല്‍ വർധിക്കും.
നിരക്കുവർധന മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനായി അർഹരായ വിഭാഗങ്ങള്‍ക്ക് പ്രതിമാസം 500 റിയാല്‍ (ഏകദേശം 133 ഡോളർ) അധിക സാമ്പത്തിക സഹായം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കും ഭരണകൂടം നിർദേശം നല്കി.
തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിലെ ജീവനക്കാർ, പെൻഷൻകാർ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവർ എന്നിവർക്കാണ് അധിക സാമ്പത്തിക സഹായം ലഭിക്കുക. സ്വകാര്യ മേഖലയിലെ സൗദി പൗരന്മാരായ ജീവനക്കാരുടെ വേതനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും.
സൗദി പ്രസ് ഏജൻസിയുടെ (എസ്.പി.എ) റിപ്പോർട്ട് പ്രകാരം, വൈദ്യുതി – ജല നിരക്കുകളിലെ മാറ്റം പൗരന്മാർക്കുണ്ടാക്കുന്ന സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികള്‍ നടപ്പാക്കാൻ സല്മാൻ രാജാവ് നിർദേശം നല്കി. കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
അടുത്ത വർഷം ആദ്യം പ്രാബല്യത്തില്‍ വരുന്ന നിരക്കുമാറ്റങ്ങളുടെ വിശദാംശങ്ങള്‍ സൗദി ഊർജ കമ്പനിയും നാഷനല്‍ വാട്ടർ കമ്പനിയും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സാമ്പത്തിക സഹായ നടപടികള്‍ പുറത്തുവന്നത്.
അടിസ്ഥാന സേവനങ്ങളുടെ ചെലവിലുണ്ടാകുന്ന വർധന അർഹരായ പൗരന്മാരെ പ്രതികൂലമായി ബാധിക്കാതിരിക്കുകയാണ് സഹായപദ്ധതികളുടെ ലക്ഷ്യം. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ വേതനം ഉയർത്തുന്നതിനുള്ള നടപടികളും ഇതോടൊപ്പം മുന്നോട്ടുകൊണ്ടുപോകും.




