ഐപിഎൽ മെഗാതാരലേലം:ചരിത്രമെഴുതി ഋഷഭ് പന്ത് 27 കോടിക്ക് ലക്നൗവിൽ
ജിദ്ദ: ഐപിഎൽ മെഗാതാരലേലത്തിൽ പ്രതീക്ഷകൾ ശരിവച്ച് സൂപ്പർതാരമായി ഋഷഭ് പന്ത്. താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലെത്തിച്ചെങ്കിലും, മിനിറ്റുകൾക്കുള്ളിൽ ഋഷഭ് പന്ത് ആ റെക്കോർഡ് തകർത്തു.
27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സാണ് താരത്തെ ടീമിലെത്തിച്ചത്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. അവസാന നിമിഷം വരെ താരത്തെ ടീമിലെത്തിക്കാൻ വാശിയോടെ പൊരുതിയ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളിയാണ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. പന്തിനെയും ആർടിഎമ്മിലൂടെ നിലനിർത്താൻ ഡൽഹി ശ്രമിച്ചെങ്കിലും, ലക്നൗ ഒറ്റയടിക്ക് ഏഴു കോടിയോളം രൂപ ഉയർത്തി പന്തിനെ ടീമിലെത്തിച്ചു.
ക്രിക്കറ്റ് ലോകം ശ്രദ്ധയോടെ വീക്ഷിച്ച ലേലത്തിനൊടുവിൽ കെ.എൽ. രാഹുൽ 14 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിലെത്തി. മാർക്വീ താരങ്ങളുടെ രണ്ടാമത്തെ സെറ്റിൽ ഉൾപ്പെട്ടിരുന്ന വെറ്ററൻ സ്പിന്നർ യുസ്വേന്ദ്ര ചെഹലിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. പരുക്കിന്റെ പിടിയിൽനിന്ന് തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദും, ലിയാം ലിവിങ്സ്റ്റനെ 8.75 കോടി രൂപയ്ക്ക് ആർസിബിയും സ്വന്തമാക്കി.
മുഹമ്മദ് സിറാജിനെ 12.25 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു. അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് ആർടിഎമ്മിലൂടെ പഞ്ചാബ് കിങ്സ് നിലനിർത്തിയപ്പോൾ, കഗീസോ റബാദയെ 10.75 കോടിക്കും ജോസ് ബട്ലറിനെ 15.75 കോടിക്കു ഗുജറാത്ത് ടൈറ്റൻസും ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ 24.75 കോടിക്ക് കൊൽക്കത്ത സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കിനെ, ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിലെത്തി.
STORY HIGHLIGHTS:IPL Megastar Auction: Rishabh Pant makes history, sold for Rs 27 crore in Lucknow