മെഡല്‍ നിലയില്‍ ഇന്ത്യ നാലാമത്

ഗെയിംസിന്റെ ആദ്യ ദിവസങ്ങളില്‍ പട്ടികയില്‍ ഏഴാമതും എട്ടാമതുമൊക്കെയായിരുന്ന ഇന്ത്യയെ അവസാന ദിവസത്തില്‍ നാലാമതേക്ക് എത്തിച്ചത് ബോക്സിംഗിലെ അതിംഗംഭീര പ്രകടനമാണ്.
ഏഴ് സ്വർണവും മൂന്ന് വെള്ളിയുമടക്കം 10 മെഡലുകളാണ് ഇന്ത്യ ഇടിക്കൂട്ടില്‍ നിന്ന് വാരിക്കൂട്ടിയത്. അത്ലറ്റിക്സില് നിന്ന് മൂന്ന് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലങ്ങളും ഉള്‍പ്പടെ 16 മെഡലുകള്‍ ലഭിച്ചപ്പോള്‍ ജൂഡോയില്‍ നിന്ന് രണ്ട് സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടാനായി.വെയ്റ്റ്ലിഫ്ടിംഗില്‍ നിന്ന് ഒരു സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവും ലഭിച്ചു. പാരാ പവർലിഫ്ടർ ചന്തുകുമാറാണ് ഇന്ത്യൻ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.
ഒളിമ്പിക് മെഡലിസ്റ്റ് ലവ്ലീന ബോർഗോഹെയ്ൻ വെള്ളിയില്‍ ഒതുങ്ങിയത് ഒഴിച്ചാല്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ പ്രകടനമാണ് ബോക്സിംഗില്‍ ഇന്ത്യൻ താരങ്ങള്‍ നടത്തിയത്. സച്ചിൻ സിവാച്ച് , അങ്കുഷ് പംഗല്‍, സാക്ഷി ചൗധരി ,പ്രീതി പൻവാർ, ജാസ്മിൻ ലംബോറിയ , പ്രിയ ഗൻഗസ് ,അരുന്ധതി ചൗധരി എന്നിവരാണ് റിംഗില്‍ നിന്ന് പൊന്നണിഞ്ഞത്. ഓപ്പണിംഗ് മാർച്ച് പാസ്റ്റില്‍ പതാകയേന്തിയ ലവ്ലീനയ്ക്ക് പുറമെ ജഡുമണി സിംഗും നരേന്ദർ ബർവാളും വെള്ളി നേടി.
അത്ലറ്റിക്സിലെ മൂന്ന് സ്വർണവും നേടിയത് പാരാഅത്ലറ്റുകളാണ്. എഫ് 57 വിഭാഗം വനിതാ ഷോട്ട്പുട്ടില്‍ ഷർമിള ധൻകർ സ്വർണവും ശില്‍പ്പ ഷൈല വെങ്കലവും നേടി. ടി 47 വിഭാഗം പുരുഷ 100 മീറ്ററില്‍ ദിലിപ് ഗവിറ്റ് സ്വർണവും മലയാളി താരം മുഹമ്മദ് ബാസില്‍ വെള്ളിയും നേടി. എഫ് 57 വിഭാഗം പുരുഷ ഷോട്ട്പുട്ടില്‍ സോമൻ റാണയാണ് സ്വർണം നേടിയ മറ്റൊരു ഇന്ത്യൻ താരം. ജൂഡോയില്‍ അഷ്മിത ഡേയും ഹർഷ് സിംഗും സ്വർണം നേടിയപ്പോള്‍ വെയ്റ്റ് ലിഫ്ടിംഗില്‍ തുടർച്ചയായ മൂന്നാം ഗെയിംസിലും സ്വർണം നേടി മീരാഭായ് ചാനു ചരിത്രം കുറിച്ചു. ഈ ഗെയിംസില്‍ ഇരട്ട മെഡലുകള്‍ നേടിയ ഇന്ത്യൻ താരം ഗുല്‍വീർ സിംഗാണ്. അത്ലറ്റിക്സില് 10000,5000 മീറ്ററുകളില്‍ ഗുല്‍വീർ വെള്ളിയാണ് നേടിയത്.
ഈ ഗെയിംസില്‍ മലയാളികള്‍ക്ക് സ്വർണം നേടാനായില്ല. അത്ലറ്റിക്സില് ശ്രീശങ്കർ കഴിഞ്ഞ ഗെയിംസിലെ വെള്ളി നിലനിറുത്തിയപ്പോള്‍ പാരാ 100 മീറ്ററില്‍ ബാസിലിന് വെള്ളി ലഭിച്ചു. ഇരുവരും തിരുവനന്തപുരത്തെ സായ് സെന്ററിലാണ് പരിശീലിക്കുന്നത്.
2022ല്‍ ബർമിംഗ്ഹാമില്‍ നടന്ന 22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 20 കായിക ഇനങ്ങളിലായിരുന്നു മത്സരം. എന്നാല്‍ ഇക്കുറി അപ്രതീക്ഷിതമായി ആതിഥേയരാകേണ്ടിവന്നതിനാല് കായികമത്സരങ്ങളുടെയും പങ്കെടുക്കുന്ന താരങ്ങളുടെയും എണ്ണം ഗ്ളാസ്ഗോയിലെ സംഘാടകർ പകുതിയായി വെട്ടിക്കുറച്ചു. 4822 കായികതാരങ്ങളാണ് ബർമിംഗ് ഹാമില്‍ മാറ്റുരയ്ക്കാൻ എത്തിയത്.ഇത്തവണ അത് മൂവായിരത്തോളമായി മാറി.
കഴിഞ്ഞ ഗെയിംസുകളില്‍ ഇന്ത്യ മെഡലുകള്‍ നേടിയിരുന്ന ഷൂട്ടിംഗ്, റെസ്ലിംഗ്,ഹോക്കി,ക്രിക്കറ്റ്,ബാഡ്മിന്റണ്‍,ടേബിള്‍ ടെന്നിസ്,സ്ക്വാഷ് എന്നിവയൊക്കെ ഇത്തവണ ഒഴിവാക്കി. കഴിഞ്ഞ ഗെയിംസില്‍ 22 സ്വർണവും 16 വെള്ളിയും 23വെങ്കലങ്ങളും അടക്കം 61 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. മെഡലുകളുടെ എണ്ണത്തില്‍ ആനുപാതികമായി കുറവുണ്ടായെങ്കിലും നാലാം സ്ഥാനം നഷ്ടപ്പെടുത്താതിരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.




