IndiaNews

വിവാഹാഘോഷത്തിനിടെ അതിഥികള്‍ക്ക് മുകളിലേക്ക് 20 ലക്ഷം രൂപ എറിഞ്ഞ് വരന്റെ കുടുംബം

വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറിലെ ഒരു വിവാഹ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നത്. വിവാഹത്തിനായി എത്തിയ അതിഥികളുടെ മുകളിലേക്ക് വരന്റെ കുടുംബം 20 ലക്ഷം രൂപ എറിഞ്ഞിരിക്കുകയാണ്. ഒരു സംഘം ആളുകള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ജെസിബിയുടെ മുകളില്‍ കയറിയും അതിഥികളുടെ മേല്ക്ക് 100,200,500 രൂപകളുടെ നോട്ടുകള്‍ വലിച്ചെറിയുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒപ്പം രൂക്ഷ വിമര്‍ശനവും.

വൈറലായ വീഡിയോയില്‍ ആകാശത്ത് നോട്ടുകള്‍ പാറിനടക്കുന്നതും അതിഥികള്‍ പണം ശേഖരിക്കാനായി തലങ്ങും വിലങ്ങും ഓടുന്നതും കാണാം. ഏതാണ്ട് 20 ലക്ഷം രൂപയോളം ഇത്തരത്തില്‍ അതിഥികളുടെ മുകളിലേക്ക് വലിച്ചെറിഞ്ഞ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിദ്ധാര്‍ത്ഥ് നഗറിലെ ദേവല്‍ഹാവ ഗ്രാമത്തില്‍ നിന്നുള്ള അഫ്‌സാലിന്റെയും അര്‍മാന്റെയും വിവാഹത്തില്‍ നിന്നുള്ള രംഗങ്ങളായിരുന്നു ഇതെന്ന് സോഷ്യല്‍ മീഡിയയിലെ കുറിപ്പുകള്‍ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

നാട്ടില്‍ നിരവധി പേര്‍ പട്ടിണിയും പരിവട്ടവുമായി കഴിയുമ്ബോള്‍ ആളുകള്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ പണം എറിഞ്ഞ് കളയാന്‍ തോന്നുന്നതെന്നായിരുന്നു പലരുടെയും സംശയം. ‘എന്തിനാണ് ഇങ്ങനെ പണം പാഴാക്കുന്നത്? എന്റെ മകന്റെ ചികിത്സയ്ക്കായി വെറും 5 ലക്ഷം രൂപയ്ക്ക് വേണ്ടി ഞാന്‍ ഒരു വര്‍ഷമായി കഷ്ടപ്പെടുന്നു.’ ഒരു കാഴ്ചക്കാരന്‍ കുറിച്ചു. ‘സാക്ഷരരെങ്കിലും വിദ്യാഭ്യാസമില്ലാത്തവര്‍’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ അഭിപ്രായം. ‘ഇന്ത്യ യാചകരുടെ രാജ്യമാണ്, എന്റെ കുട്ടിക്കാലത്ത് ഭിക്ഷാടനത്തെക്കുറിച്ച്‌ ഞാന്‍ ഒരു ലേഖനം എഴുതി, ഇപ്പോള്‍ ഈ വീഡിയോ കണ്ടതിന് ശേഷം ഞാന്‍ വളരെ സന്തുഷ്ടനാണ്,’ മറ്റൊരു കാഴ്ചക്കാരന്‍ ഒരു പടി കടന്ന് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

STORY HIGHLIGHTS:Groom’s family throws Rs 20 lakh at guests during wedding celebrations

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker