തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിക്കാവുന്ന തരത്തില്‍ സുവനീര്‍ ചലഞ്ചുമായി കേരള ടൂറിസം വകുപ്പ്.
മികച്ച സുവനീറിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 50,000 രൂപയും 25,000 രൂപയും സമ്മാനമായി ലഭിക്കും. ഇതിനുപുറമേ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 14 പേര്‍ക്ക് 10,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.
മത്സരത്തിനായി തയ്യാറാക്കുന്ന സ്മരണികകള്‍ പരിസ്ഥിതിസൗഹൃദ വസ്തുക്കള്‍ കൊണ്ടുള്ളതും കേരളത്തിന്റെ കല, സംസ്കാരം എന്നിങ്ങനെ പ്രാദേശികത്തനിമ ഉള്‍ക്കൊള്ളുന്നതും പൂര്‍ണ്ണത ഉള്ളതും ആകര്‍ഷകവും ആയിരിക്കണം.
ഭാരം 500 ഗ്രാമില്‍ കൂടരുത്. വലുപ്പം 20×15 സെ.മീ 30×15 സെ.മീ ആയിരിക്കണം. അല്ലെങ്കില്‍ ഫ്രെയിം ചെയ്യാവുന്ന തരത്തില്‍ ഫ്ളാറ്റ് ആയിട്ടുള്ളവ ആയിരിക്കണം.കേരളത്തില്‍ സ്ഥിരതാമസമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
പങ്കെടുക്കുന്നവര്‍ സുവനീര്‍ മാതൃകയും പേര്, വിലാസം, ഫോണ്‍ നമ്ബര്‍, ഇ മെയില്‍, ആധാര്‍ നമ്ബര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ അപേക്ഷാ ഫോമും നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ഉത്തരവാദിത്ത ടൂറിസം മിഷന് സംസ്ഥാന ഓഫീസില്‍ ഫെബ്രുവരി 28 ന് വൈകീട്ട് 5 മണിക്കുള്ളില്‍ ലഭ്യമാക്കണം.
മത്സരത്തിനായി ലഭിക്കുന്ന സുവനീറിന്റെ ഉടമസ്ഥാവകാശവും അതിന് മാറ്റം വരുത്താനുള്ള അവകാശവും ഉത്തരവാദിത്ത ടൂറിസം മിഷനായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2334749
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിലാസം: ഉത്തരവാദിത്ത ടൂറിസം മിഷന്, ടൂറിസം വകുപ്പ്, കേരള സര്‍ക്കാര്‍, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം-695033.
STORY HIGHLIGHTS:Kerala Tourism with Souvenir Challenge