
മുംബൈ: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് താനൂരിൽ നിന്നും കാണാതായ 2 വിദ്യാർഥിനികൾ മുംബൈയിലെ ലാസ്യ സലൂണിൽ മുടി ട്രിം ചെയ്യാനെത്തിയത്. മുഖം മറച്ചാണ് ഇരുവരും സലൂണിൽ എത്തിയിരുന്നത്. ഇരുവർക്കും ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കാനറിയില്ല. മലയാളം മാത്രമാണ് അറിയാമായിരുന്നത്.
ഇതോടെ മലയാളം അറിയാവുന്ന ജീവനക്കാർ പെൺകുട്ടിക്കൊപ്പം നിൽകുകയായിരുന്നു. മുടി സ്ട്രെയിറ്റ് ചെയ്യണമെന്നും മുഖത്തിന്റെ ലുക്ക് മാറ്റണമെന്നുമായിരുന്നു പെൺകുട്ടികളുടെ ആവശ്യം. പേരും മൊബൈൽ നമ്പറും ചോദിച്ചപ്പോൾ ഫോൺ കാണാതായെന്നാണ് പറഞ്ഞത്.
ഒടുവിൽ പേര് മാത്രം നൽകി. ട്രീറ്റ്മെന്റ് തുടങ്ങുമ്പോൾ തന്നെ സമയമായി വേഗം പോകണമെന്നും പറഞ്ഞു. എന്നാൽ ഇത്രയും പണം മുടക്കുന്നതിനാൽ മുഴുവനായി ചെയ്യണമെന്ന് ജീവനക്കാർ പറഞ്ഞു.
പെൺകുട്ടികളുടെ കൈവശം ധാരാളം പണം ഉണ്ടായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. രണ്ടു പേരും കൂടി 10,000 രൂപയുടെ ട്രീറ്റ്മെന്റാണ് ചെയ്തത്. ഇതിനിടെ പെൺകുട്ടികളെ ആൺ സുഹൃത്ത് വിളിക്കുന്നുണ്ടായിരുന്നു.
സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് മുംബൈയിലെത്തിയതെന്നാണ് പെൺകുട്ടികൾ ജീവനക്കാരോട് പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോൾ പെൺകുട്ടികൾ പരുങ്ങി.
തുടർന്ന് വിദ്യാർഥികൾ മടങ്ങിയ ശേഷം പൊലീസ് ജീവനക്കാരെ ബന്ധപ്പെട്ടപ്പോഴാണ് കേരളത്തിൽ നിന്നും കാണാതായ പെൺകുട്ടികളാണ് സലൂണിൽ എത്തിയതെന്ന കാര്യം അറിയുന്നത്. എന്നാൽ വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു പ്രകാരമാണ് യുവാവ് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ യുവാവിന്റെ കുടുംബാംഗങ്ങൾ പറയുന്നത്.
ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും അറിയിച്ചു.
വീട്ടിൽ നിന്ന് ഇറങ്ങിപോവുകയാണെന്ന് പറഞ്ഞപ്പോൾ യുവാവ് പിന്തിരിപ്പിച്ചെന്നും സഹായിച്ചാലും ഇല്ലെങ്കിലും താൻ പോവുമെന്ന് പെൺകുട്ടി പറഞ്ഞതായും കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടിയുടെ ദുരാവസ്ഥ കണ്ടാണ് ഇയാൾ കൂടെ പോയതെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
അതേസമയം കുട്ടികളെ കണ്ടെത്തിയതിൽ വളരെയധികം നന്ദിയുണ്ടെന്ന് വിദ്യാർഥിനികളിൽ ഒരാളുടെ രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പുലർച്ചെ രണ്ടുമണിയോടെയാണ് കുട്ടികളെ കണ്ടെത്തിയ കാര്യം പൊലീസ് അറിയിച്ചത്. സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ട്. പരീക്ഷ എഴുതാൻ വേണ്ടിയാണ് അവർ വീട്ടിൽ നിന്നും ഇറങ്ങി പോയത്.
വീട്ടിൽ നിന്നും ഇറങ്ങി പോവാൻ തക്ക കാരണങ്ങളൊന്നും അവർക്കില്ല. അവൾക്ക് മോഡേണായി നടക്കാൻ വല്ല്യ ഇഷ്ടമാണ്. മുടി സ്ട്രെയിറ്റ് ചെയ്യാൻ നിർബന്ധം പിടിച്ചിരുന്നു. പാന്റ്സ് ഇടണമെന്നും പുരികം ത്രെഡ് ചെയ്യണമെന്നും പറഞ്ഞിരുന്നു.
ഞങ്ങൾ അതിന് സമ്മതിച്ചില്ല. എനിക്കതൊന്നും ഇഷ്ടമല്ലെന്ന് പറഞ്ഞു. മോഡേണായി നടക്കാനാണ് അവളുടെ ആഗ്രഹം. അവിടെ പോയി ആദ്യം ചെയ്തത് മുടി സ്ട്രെയിറ്റ് ചെയ്യുകയാണ്. അവർ ടൂർ പോയെന്നാണ് ഞങ്ങൾ കരുതുന്നത്. അവർ തിരികെ വരണം. ഞങ്ങൾ സ്നേഹത്തോടെ ചേർത്തു നിർത്തും. പെൺകുട്ടിയുടെ രക്ഷിതാവ് പറഞ്ഞു
STORY HIGHLIGHTS:2 missing female students from Tanur found.