രാജ്യത്തെ ഓഹരി നിക്ഷേപകര്‍ 17 കോടിയായി ഉയര്‍ന്നു
ഡൽഹി:ഓഗസ്റ്റ് അവസാനം വരെ രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.11 കോടിയായി.
കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം രാജ്യത്ത് തുറന്നത് 42.3 ലക്ഷം ഡിമാറ്റ് അക്കൗണ്ടുകളാണ്. ഓഹരി വിപണിയില്‍(Stock Market) വലിയ അനിശ്ചിതത്വങ്ങളുണ്ടായ ഓഗസ്റ്റിലും ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കൂടുന്നത് ഓഹരി നിക്ഷേപത്തിലേക്കിറങ്ങുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വൻവർധനയയാണു സൂചിപ്പിക്കുന്നത്.
ജൂലൈ മാസത്തില്‍ 44.44 ലക്ഷം അക്കൗണ്ടുകളാണു തുടങ്ങിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ 31 ലക്ഷം അക്കൗണ്ടുകളാണ് തുറന്നത്. അക്കൗണ്ട് തുടങ്ങല്‍ ലളിതമായതും ഓഹരി നിക്ഷേപത്തെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അറിവു ലഭിച്ചതും വിപണികളില്‍ നിന്നു മികച്ച നേട്ടമുണ്ടാകുന്നതും വ്യക്തിഗത നിക്ഷേപകർ ഒന്നിലേറെ അക്കൗണ്ടുകള്‍ കുടുംബാംഗങ്ങളുടെയും മറ്റും പേരില്‍ തുടങ്ങുന്നതുമെല്ലാം അക്കൗണ്ടുകളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.
രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം റഷ്യ, ഇത്യോപ്യ, മെക്സിക്കോ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയെക്കാള്‍ കൂടുതല്‍. ഡിമാറ്റ് അക്കൗണ്ട് തുറന്ന് ഓഹരിയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം ബംഗ്ലദേശിന്റെ ജനസംഖ്യയുടെ അത്രയും വരും.
2023 ജനുവരിയില്‍ മുതല്‍ തുറന്ന ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 6 കോടിയിലധികം. കഴിഞ്ഞ ആറു മാസത്തിലും 40 ലക്ഷത്തിലധികം പുതിയ അക്കൗണ്ടുകള്‍ വീതം.
2023 ജനുവരിയില്‍ 22 ലക്ഷം പുതിയ അക്കൗണ്ടുകളെങ്കില്‍ 2024 ജനുവരിയില്‍ 47 ലക്ഷത്തോളം അക്കൗണ്ടുകള്‍.
ഈ വർഷം ഇതുവരെ തുറന്നത് 3.18 കോടി ഡിമാറ്റ് അക്കൗണ്ടുകള്‍. കഴിഞ്ഞ വർഷം ആകെ തുറന്ന അക്കൗണ്ടുകളെക്കാള്‍ കൂടുതലാണിത്. 2023 ല്‍ 3.10 കോടി പുതിയ ഡിമാറ്റ് അക്കൗണ്ടുകള്‍ തുടങ്ങി.
STORY HIGHLIGHTS:Stock investors in the country rose to 17 crores