GulfKeralaSaudi

അബ്ദുറഹീമിൻ്റെ വധശിക്ഷ മോചനത്തിന് ദിയാ പണം 33 കോടി രൂപ വേണം.

റിയാദ്: സഊദി യുവാവ് കൈയബദ്ധത്തിൽ മരണപ്പെട്ട കേസിൽ 16 വർഷത്തിലധികമായി ജയിലിൽ കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിൻ്റെ മോചനത്തിന് ദിയാ പണം രണ്ട് മാസത്തിനകം നൽകണമെന്ന് കൊല്ലപ്പെട്ട സഊദി പൗരൻ്റെ കുടുംബം. 15 ദശലക്ഷം റിയാൽ (33 കോടി രൂപ) ദിയാധനം ലഭിച്ചാൽ മാപ്പ് നൽകുമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സമ്മതിച്ചിട്ടുണ്ടെന്ന് സഊദി വിദേശകാര്യമന്ത്രാലയം റിയാദ് ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ എംബസി ഇക്കാര്യം റഹീമിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം ഫണ്ട് കൈമാറണമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നതെന്ന് കേസിൽ ഇടപെടുന്ന റഹീം സഹായ സമിതി ഭാരവാഹികൾ അറിയിച്ചു. റഹീം വധശിക്ഷ കാത്ത് അൽഹായിർ ജയിലിലാണ് കഴിയുന്നത്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സഊദി ഭരണാധികാരിക്ക് ദയാഹരജിയും നൽകിയിട്ടുണ്ട്.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരിയും സഹായ സമിതി അംഗങ്ങളും നടത്തിയ നിരന്തര ഇടപെടലുകൾ കാരണമാണ് കുടുംബം മാപ്പിന് തയ്യാറായത് തന്നെ. റിയാദിലെ അൽമൻസൂറയിൽ സഊദി പൗരന്റെ മകൻ അനസ്ഫായിസ് അൽശഹ്‌രി എന്ന ബാലൻ കൊല്ലപ്പെട്ട കേസിലാണ അബ്‌ദുറഹിമാൻ ശിക്ഷിക്കപ്പെടുന്നത്.

2006 ഡിസംബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതേ വർഷം നവംബറിലാണ് ഹൗസ്ഡ്രൈവർ ജോലിക്കായി റിയാദിലെ ത്തുന്നത്. സ്പോൺസറുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ അനസിനെ പരിചരിക്കുന്ന ജോലികൂടി റഹീമിനെ ഏൽപ്പിച്ചിരുന്നു.

കാറിൽ വീടിനുതൊട്ടടുത്തുള്ള ഹൈപ്പർ മാർക്കറ്റിലേക്ക് പോകവെ സിഗ്നൽ ലംഘിച്ചു വാഹനമോടിച്ചു പോകാൻ അനസ് ആവശ്യപ്പെട്ടു. ഇതിന് കൂട്ടാക്കാതിരുന്നതോടെ സഊദി ബാലൻ ആക്രോശിച്ചു റഹീമിന്റെ ശരീരത്തിലേക്ക് കാർക്കിച്ചു തുപ്പി. ഇതിൽ നിന്നു ഒഴിഞ്ഞു മാറുന്നതിനിടെ റഹീമിന്റെ കൈ അനസിന്റെ കഴുത്തിലെ പ്രത്യേക ഉപകരണത്തിൽ അബദ്ധത്തിൽ പതിച്ചു.

ഭക്ഷണം നൽകാൻ കഴുത്തിൽ ശസ്ത്രക്രിയ ചെയ്തു ഘടിപ്പിച്ചതായിരുന്നു ഉപകരണം. റഹീമിന്റെ കൈ പതിച്ചതോടെ ഉപകരണത്തിനു കേടുപറ്റുകയും ഇത് ബാലൻ്റെ മരണത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. ഭയപ്പെട്ട റഹീം എന്തുചെയ്യണമെന്നറിയാതെ ഉടൻ തന്നെ തന്റെ അടുത്ത ബന്ധു കോഴിക്കോട്, നല്ലളം ബസാർ, ചാലാട്ട് വീട്ടിൽ നസീർ അഹമ്മദിനെ വിളിച്ചുവരുത്തി. അപകടം മനസിലാക്കിയ നസീർ രക്ഷപ്പെടാനുള്ള പോംവഴിയെന്ന നിലയിൽ കവർച്ചക്കാരാൽ ഇരുവരും അക്രമിക്കപ്പെട്ട ഒരു കഥമെനയാൻ റഹീമിനോട് നിർദേശിച്ച് തിരിച്ചുപോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റഹീമിനെ അറസ്റ്റ് ചെയ്തു. അയാൾ അവസാനം വിളിച്ച മൊബൈൽ നമ്പറിൻ്റെ ഉടമയെന്നനിലയിൽ മുഹമ്മദ് നസീറിനെയും പിന്തുടർന്ന് പിടികൂടി.

2012 ജനുവരി 26ന് ശരീഅഃ കോടതി റഹീമിന് വധശിക്ഷയും നസീറിന് രണ്ടുവർഷത്തെ തടവുശിക്ഷയും 300 അടിയും ശിക്ഷിച്ചു. അപ്പോഴേക്കും നാലുവർഷത്തെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരുന്നു. മലസ് സെൻട്രൽ ജയിലിൽ കഴിഞ്ഞ നസീർ 2016 ൽ മോചിതനായി.

റഹീമിന്റെ മോചനത്തിനായി കഴിഞ്ഞ 16 വർഷമായി റിയാദ് എംബസി വഴി കുടുംബം കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ രണ്ടു തവണ റഹീമിന്റെ അപ്പീൽ കോടതി തള്ളുകയും ചെയ്തു. റഹീമിന്റെ മോചനത്തിന് വേണ്ടി ഒരു ജനകീയ സഹായസമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയാണ്.

വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികൾ ഉൾപ്പെട്ട നിയമസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇക്കാലയളവിനുള്ളിൽ മൂന്നു സഊദി അഭിഭാഷകരെയാണ് സമിതി നിയോഗിച്ചത്. അലി മിസ്ഫർ, അബൂ ഫൈസൽ എന്നിവരെയായിരുന്നു ആദ്യം ചുമതലപ്പെടുത്തിയത്. ഇപ്പോൾ അലി ഖഹ്താനിയാണ് അഭിഭാഷകൻ.

STORY HIGHLIGHTS:33 Crores of Diya money is required for Abdur Rahim’s death sentence release.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker