ഗുഡ് ബൈ വിസ്താര; അവസാന വിമാനം ഇന്ന് നിലം തൊടും
കൊച്ചി:പ്രമുഖ വിമാന കമ്ബനിയായ വിസ്താര തിങ്കളാഴ്ച പ്രവർത്തനം അവസാനിപ്പിക്കും. വിസ്താരയുടെ അവസാന വിമാനം ഇന്ന് നിലം തൊടുന്നതോടെയാണ് കമ്ബനിയുടെ പ്രവർത്തനം പൂർണമായും അവസാനിക്കുക
ലയനം പൂർത്തിയായതോടെ എയർ ഇന്ത്യയുടെ ഭാഗമായാണ് വിസ്താര വിമാനങ്ങള്‍ പുതിയ ആകാശങ്ങള്‍ കീഴടക്കുക.
ടാറ്റ സണ്‍സിന്റേയും സിങ്കപ്പുർ എയർലൈൻസിന്റേയും സംയുക്ത സംരംഭമായി ടാറ്റ എസ്.ഐ.എ. എയർലൈൻസ് ലിമിറ്റഡിന് കീഴില്‍ 11 വർഷങ്ങള്‍ക്ക് മുമ്ബ് 2013-ലാണ് വിസ്താര നിലവില്‍ വരുന്നത്. 2015 ജനുവരി ഒമ്ബതിനാണ് വിസ്താരയുടെ ആദ്യ വിമാനം പറന്നുയർന്നത്. ഹരിയാണയിലെ ഗുഡ്ഗാവിലായിരുന്നു കമ്ബനിയുടെ ആസ്ഥാനം.
2022 നവംബറിലാണ് വിസ്താര-എയർ ഇന്ത്യ ലയനം പ്രഖ്യാപിച്ചത്. ഇതിന് കൃത്യം രണ്ട് വർഷങ്ങള്‍ക്കിപ്പുറമാണ് ലയനം പൂർത്തിയാകുന്നത്. ലയനം പൂർത്തിയാകുന്ന തിങ്കളാഴ്ചയ്ക്ക് ശേഷം ഒരുമാസക്കാലം വിസ്താരയുടെ ടിക്കറ്റെടുത്ത 115,000 യാത്രക്കാർ എയർ ഇന്ത്യ വിമാനങ്ങളിലാണ് യാത്ര ചെയ്യുക. എയർ ഇന്ത്യയിലാണ് യാത്രയെങ്കിലും ‘വിസ്താര യാത്രാനുഭവ’ത്തിന് മാറ്റമുണ്ടാകില്ലെന്ന് ടാറ്റ ഗ്രൂപ്പ് ഉറപ്പുനല്‍കിയിട്ടുണ്ട്.
ലയനം കാരണം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ സഹായിക്കാനായി എല്ലാ വിമാനത്താവളങ്ങളിലും കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിസ്താരയുടെ നമ്ബറുകളിലേക്കുള്ള ഫോണ്‍വിളികളെല്ലാം ഇന്ന് മുതല്‍ എയർ ഇന്ത്യയിലേക്ക് തിരിച്ചുവിടും. വിസ്താരയുടെ ലോയല്‍റ്റി അംഗങ്ങളെ എയർ ഇന്ത്യയുടെ ഫ്ളൈയിങ് റിട്ടേണ്‍സിന്റെ ഭാഗമാക്കും. യു.കെ. എന്ന് തുടങ്ങുന്ന വിസ്താര വിമാനങ്ങളുടെ കോഡുകള്‍ എ.ഐ. 2 എന്നാകും ഇനി മുതല്‍ തുടങ്ങുക. ഉദാഹരണത്തിന്, യു.കെ. 955 എന്ന കോഡുള്ള ഡല്‍ഹി-മുംബൈ വിസ്താര വിമാനത്തിന്റെ കോഡ് ഇനി മുതല്‍ എ.ഐ. 2955 എന്നായി മാറും.
STORY HIGHLIGHTS:Good bye Vistara; The last flight will touch down today