
കൊച്ചി:ഇ കൊമേഴ്സ് രംഗത്തെ വമ്ബന്മാരായ ആമസോണിന്റെ കൊച്ചിയിലെ ഗോഡൗണില് നടത്തിയ പരിശോധനയില് വ്യാജ ഉത്പന്നങ്ങള് കണ്ടെത്തി.
കളമശേരിയിലുള്ള ഗോഡൗണിലാണ് ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേഡ്സ് (ബി.ഐ.എസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തിയത്.

നിരവധി ദേശീയ, അന്തര്ദേശീയ ബ്രാന്ഡുകളുടെ പേരില് നിര്മിച്ച വ്യാജ ഇലക് ട്രോണിക്, ഇലക്ട്രിക്കല് ഉപകരണങ്ങള്, കളിപ്പാട്ടങ്ങള്, പാദരക്ഷകള് തുടങ്ങി നിരവധി ഉത്പന്നങ്ങള് പിടിച്ചെടുത്തു. ഇവയെല്ലാം ഗുണമേന്മ കുറഞ്ഞ വ്യാജ ഉത്പന്നങ്ങളാണെന്നാണ് ഉദ്യോഗസ്ഥര് നല്കുന്ന സൂചന.
ഐ.എസ്.ഐ ലേബല് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള സ്റ്റിക്കറുകള് പതിപ്പിക്കാത്തതുമായ ഉത്പന്നങ്ങള് പിടിച്ചെടുത്തതില് പെടുന്നുണ്ട്. ഉത്പന്നങ്ങളില് ഒട്ടിച്ച ലേബലുകള് പലതും പൊളിഞ്ഞു പോയ രീതിയിലായിരുന്നു.

കുറ്റക്കാര്ക്കെതിരെ പ്രോസിക്യൂഷന് നടപടികള് ആരംഭിക്കും. 2 വര്ഷം വരെ തടവും നിലവാരമില്ലാത്ത ഉല്പന്നങ്ങളുടെ വില്പനയിലൂടെ നേടിയ തുകയുടെ 10 മടങ്ങ് പിഴയും ഇടാക്കാവുന്ന കുറ്റമാണു പ്രതികള്ക്കെതിരെ ചുമത്തുക.
രാജ്യവ്യാപക പരിശോധന
ഇ-കൊമേഴ്സ് പോര്ട്ടലുകള് വഴി വില്ക്കുന്ന സാധനങ്ങള് പലതും ഗുണമേന്മയില്ലാത്തതും വ്യാജവുമാണെന്ന ആരോപണം പല ഉപയോക്താക്കളും പങ്കുവച്ചിരുന്നു. അടുത്തിടെ തമിഴ്നാട്ടിലും ഡല്ഹിയിലുമായി ഇത്തരം നിരവധി ഗോഡൗണുകളില് റെയ്ഡും നടത്തിയിരുന്നു. മാര്ച്ചില് ബി.ഐ.എസ് ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയില് കോടിക്കണക്കിന് രൂപയുടെ വ്യാജ ഉത്പന്നങ്ങളായിരുന്നു കണ്ടെത്തിയത്.

അന്ന് ഗുഡ്ഗാവ്, ലഖ്നൗ, ഡല്ഹി എന്നിവിടങ്ങളിലെ ആമസോണ്, ഫ്ളിപ്കാര്ട്ട് വെയര്ഹൗസുകളില് നടത്തിയ റെയ്ഡുകളില്, ഇലക്ട്രിക് വാട്ടര് ഹീറ്ററുകള്, കളിപ്പാട്ടങ്ങള്, ബ്ലെന്ഡറുകള്, കുപ്പികള്, സ്പീക്കറുകള് എന്നിവയുള്പ്പെടെ 7,000-ത്തിലധികം നിലവാരമില്ലാത്ത വസ്തുക്കള് പിടിച്ചെടുത്തിരുന്നു. ബിഐഎസ് സ്റ്റാന്ഡേര്ഡ് മാര്ക്ക് ഇല്ലാത്തതും 2016 ലെ ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ്സ് (ബിഐഎസ്) നിയമത്തിലെ സെക്ഷന് 17 ലംഘിച്ചതുമായ ഉത്പന്നങ്ങളുമായിരുന്നു ഇത്.

STORY HIGHLIGHTS:Fake products were discovered during a search of e-commerce giant Amazon’s warehouse in Kochi.
