ഡൽഹി:51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് പദവിയില്‍ 183 ദിവസം സഞ്ജീവ് ഖന്നയുണ്ടാകും.
2025 മേയ് 13വരെയാണ് കാലാവധി. ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി.വൈ. ചന്ദ്രചൂഡ് ഇന്നലെ വിരമിച്ചിരുന്നു. 2019 ജനുവരിയിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്‌ജിയായത്. 1960 മേയ് 14ന് ഡല്‍ഹിയില്‍ ജനനം. ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന ദേവ്‌രാജ് ഖന്നയുടെ പുത്രൻ. ഡല്‍ഹി സർവകലാശാലയില്‍ നിന്ന് നിയമബിരുദം.
1983ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്‌തു. 2005 ജൂണ്‍ 24ന് ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയായി. അവിടെ നിന്നാണ് സ്ഥാനക്കയറ്റത്തിലൂടെ സുപ്രീംകോടതി ജഡ്‌ജിയായത്. ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നല്‍കിയ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ചത്, തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയത്, മദ്യനയക്കേസില്‍ ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ചത്, വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത അംഗീകരിച്ചത് ഉള്‍പ്പെടെ 117ല്‍പ്പരം വിധിന്യായങ്ങളുടെ ഭാഗമായി.
STORY HIGHLIGHTS:Sanjeev Khanna took charge as the Chief Justice of the Supreme Court