ലോകത്തെ ഒന്നാം നമ്പർ സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പനക്കാരായി മാറിയിരിക്കുകയാണ് ആപ്പിള്‍.
2010ന് ശേഷം ആദ്യമായാണ് ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പനയില്‍ കൊറിയൻ ടെക് ഭീമനെ പിന്തള്ളുന്നത്. എക്കാലത്തെയും ഉയര്‍ന്ന വിപണി വിഹിതം നേടിയ ആപ്പിള്‍ വ്യവസായത്തില്‍ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്തതോടെയാണ് ഈ അധികാര മാറ്റം. മാര്‍ക്കറ്റില്‍ സാംസങ്ങിന്റെ 12 വര്‍ഷത്തെ ഭരണത്തിനാണ് അന്ത്യം കുറിച്ചത്.
ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) കണക്കനുസരിച്ച്, 2023 ല്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണി ചില വെല്ലുവിളികള്‍ നേരിട്ടു, മുൻവര്‍ഷത്തെ അപേക്ഷിച്ച് ഫോണ്‍ കയറ്റുമതിയില്‍ 3.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു, നാലാം പാദത്തില്‍ മുൻ പ്രവചനങ്ങളേക്കാള്‍ 8.5 ശതമാനം വളര്‍ച്ച നേടി.
ഐ.ഡി.സിയുടെ കണക്കനുസരിച്ച്, 2023 ല്‍ ആപ്പിള്‍ 234.6 ദശലക്ഷം സ്‌മാര്‍ട്ട്‌ഫോണുകള്‍ കയറ്റുമതി ചെയ്തു, സാംസങ് 226.6 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് കയറ്റുമതി ചെയ്തത്. 145.9 ദശലക്ഷം സ്‌മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയുമായി ഷവോമി മൂന്നാം സ്ഥാനത്താണ്.
ഐഫോണുകളുടെ ഏറ്റവും വലിയ വിപണിയായ ചൈനയില്‍ നിന്നുള്ള വര്‍ദ്ധിച്ച നിയന്ത്രണ വെല്ലുവിളികളും ഹ്വാവേയില്‍ നിന്ന് നേരിടുന്ന മത്സരവുമെല്ലാം മറികടന്നാണ് ആപ്പിള്‍ 2023-ലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായി മാറിയിരിക്കുന്നത്. മാര്‍ക്കറ്റിനെ മൊത്തമായി ഇടിവ് ബാധിച്ചിട്ടും, ആപ്പിള്‍ വര്‍ഷം മുഴുവനും നല്ല വളര്‍ച്ചയുടെ പാതയിലായിരുന്നു, പിന്നാലെ ആദ്യമായി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
മാര്‍ക്കറ്റില്‍ പ്രീമിയം ഉപകരണങ്ങള്‍ക്കുള്ള വൻ ഡിമാന്റാണ് ആപ്പിളിന്റെ തുടര്‍ച്ചയായ വിജയത്തിന് പിന്നില്‍. ഇപ്പോള്‍ വിപണിയുടെ 20%-ലധികം പ്രതിനിധീകരിക്കുന്നത് പ്രീമിയം വിഭാഗമാണ്. ട്രേഡ്-ഇൻ ഓഫറുകളും പലിശ രഹിത ഫിനാൻസ് സേവനങ്ങളും കാരണം, ആളുകള്‍ പ്രീമിയം ഉത്പന്നങ്ങള്‍ വാങ്ങാൻ മുന്നോട്ടുവരുന്നുണ്ട്.
STORY HIGHLIGHTS:Apple is the number one smartphone seller in the world.