
സഊദി അറേബ്യ അപൂർവ്വവും ചരിത്രപരവുമായ ഒരു സമ്പൂർണ്ണ സൂര്യഗ്രഹണത്തിന് (Total Solar Eclipse) അടുത്ത വർഷം (2027 ഓഗസ്റ്റ് രണ്ട്) സാക്ഷ്യം വഹിക്കും.
കഴിഞ്ഞ 75 വർഷത്തിനിടെ ആദ്യമായാണ് സഊദി അറേബ്യയുടെ ആകാശത്ത് പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ഇതോടൊപ്പം ഈ 21-ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളില്‍ ഒന്നായിരിക്കും ഇത്. ആകാശത്ത് സൂര്യനെ ചന്ദ്രൻ പൂർണ്ണമായി മറയ്ക്കുകയും പകല്‍ സമയം രാത്രിക്ക് സമാനമായി മാറുകയും ചെയ്യും. ഈ സമയത്ത് അന്തരീക്ഷ താപനില കുറയുകയും പകല്‍ സമയത്ത് ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്ന് സഊദി സ്പേസ് ഏജൻസി (Saudi Space Agency) വ്യക്തമാക്കി.
സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ കൃത്യമായി ഒരേ നേർരേഖയില്‍ വരുമ്പോഴാണ് പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ആഗസ്റ്റ് തുടക്കത്തില്‍ ഭൂമി സൂര്യനില്‍ നിന്ന് ഏറ്റവും അകലെയായതിനാല്‍ സൂര്യൻ ചെറിയ വലിപ്പത്തിലും, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നില്ക്കുന്നതിനാല് ചന്ദ്രൻ വലിയ വലിപ്പത്തിലും കാണപ്പെടും. ഇതാണ് ഗ്രഹണത്തിന് ദൈർഘ്യം കൂട്ടുന്നത്. ഈ സമയം ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറയ്ക്കുകയും സൗര കൊറോണ (Solar Corona) എന്ന് വിളിക്കപ്പെടുന്ന സൂര്യന്റെ പുറംഭാഗം വ്യക്തമായി കാണാൻ സാധിക്കുകയും ചെയ്യും. ഈ പൂർണ്ണ ഗ്രഹണ പാതയില്‍ (Path of Totality) ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ മാത്രമാണ് സമ്പൂർണ്ണ ഇരുട്ട് അനുഭവപ്പെടുക.
എവിടെയെല്ലാം ദൃശ്യമാകും?
സഊദിയിലെ തെക്കൻ പ്രദേശങ്ങളായ അബഹ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഏകദേശം ആറ് മിനിറ്റോളം പൂർണ്ണ ഇരുട്ട് അനുഭവപ്പെടും. ജിദ്ദയിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ഇത് അഞ്ച് മിനിറ്റും 50 സെക്കൻഡും നീണ്ടുനില്‍ക്കും. ജിദ്ദ ആസ്ട്രോണമി സൊസൈറ്റി (Jeddah Astronomy Society) പ്രസിഡന്റ് എൻജിനീയർ മാജിദ് അബു സഹ്രയുടെ വ്യക്തമാക്കല്‍ അനുസരിച്ച് മക്ക, ജിദ്ദ, തായിഫ്, അല്‍ ബഹ, ഖമീസ് മുശൈത്ത്, ജിസാൻ, നജ്റാൻ തുടങ്ങിയ പ്രധാന നഗരങ്ങള്‍ ഗ്രഹണത്തിന്റെ സമ്പൂർണ്ണ പാതയിലാണ് സ്ഥിതി ചെയ്യുന്നത്.
ഇത് കൂടാതെ തുവാല്‍, ദഹ്ബാൻ, അസ്ഫാൻ, ഖുലൈസ്, ജുമും, ബഹ്റ, അല്‍ ഹദ, അല്‍ ഷാഫ, അല്‍ ലൈത്ത്, അല്‍ മൻദഖ്, ബല്‍ജുറഷി, മജാർദ, അല്‍ ഖുൻഫുദ, സബ്ത് അല്‍ അലയ, അല്‍ നമസ്, തനുമ, ബാരിഖ്, അഹദ് റഫീദ, ബൈഷ്, സബ്യ, ദഹ്റാൻ അല്‍ ജനൂബ്, സറാത്ത് അബീദ എന്നീ സ്ഥലങ്ങളിലും പൂർണ്ണ ഗ്രഹണം ദൃശ്യമാകും. റിയാദ്, ഈസ്റ്റേണ്‍ പ്രൊവിൻസ് തുടങ്ങിയ മധ്യ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളില്‍ 80 ശതമാനം വരെ ഭാഗിക ഗ്രഹണമാണ് (Partial Solar Eclipse) കാണാൻ സാധിക്കുക.
എപ്പോള്‍ ദൃശ്യമാകും?
അറേബ്യൻ സ്റ്റാൻഡേർഡ് ടൈം (Arabian Standard Time) അനുസരിച്ച് ഉച്ചയ്ക്ക് 11:41 ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. ഉച്ചയ്ക്ക് 1:21 നും 1:44 നും ഇടയിലാണ് രാജ്യത്തുടനീളം പൂർണ്ണ ഇരുട്ട് വ്യാപിക്കുന്നത്. വൈകുന്നേരം 3:00 മണിയോടെ ഗ്രഹണം അവസാനിക്കും. ജിദ്ദയില്‍ ഉച്ചയ്ക്ക് 12:00 മണിക്ക് ആരംഭിക്കുന്ന ഗ്രഹണം 1:25 ന് പൂർണ്ണതയിലെത്തുകയും 2:43 ന് അവസാനിക്കുകയും ചെയ്യും. മക്കയില്‍ 12:01 ന് ആരംഭിച്ച് 1:26 ന് പൂർണ്ണ ഗ്രഹണവും 2:44 ന് അവസാനവും കുറിക്കും. തായിഫില്‍ 12:03 ന് ആരംഭിച്ച് 1:28 ന് പൂർണ്ണതയിലും 2:45 ന് അവസാനത്തിലും എത്തും. ഖമീസ് മുശൈത്തില്‍ 12:13 ന് തുടങ്ങി 1:37 ന് പൂർണ്ണ ഇരുട്ടും 2:54 ന് ഗ്രഹണ സമാപനവും നടക്കും.
യു എ ഇ യില്‍ ദൃശ്യമാകുമോ?
ഗ്രഹണം കാണാൻ താല്പര്യപ്പെടുന്നവർക്ക് സൗദിയിലെ വിവിധ സ്ഥലങ്ങള്‍ അനുയോജ്യമാണ്. വിനോദസഞ്ചാരികള്‍ക്കും ജിദ്ദ റെഡ് സീ തീരങ്ങള്‍ പ്രയോജനപ്പെടുത്താം. ഉയർന്ന വായു സ്വച്ഛതയുള്ള അബഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ നീളമേറിയ ആറ് മിനിറ്റ് ഗ്രഹണം ആസ്വദിക്കാം. തായിഫ്, അല്‍ ബഹ എന്നിവ തണുപ്പുള്ള കാലാവസ്ഥ നല്കുമ്പോള് ഫോട്ടോഗ്രാഫർമാർക്ക് അനുയോജ്യം തുറസ്സായ മരുഭൂമികളാണ്. അതേസമയം യു എ ഇ യില്‍ പൂർണ്ണ ഗ്രഹണം ദൃശ്യമാകില്ല. ദുബായില്‍ ഏകദേശം 53 ശതമാനവും മറ്റ് പ്രദേശങ്ങളില്‍ 61 ശതമാനം വരെയുമുള്ള ഭാഗിക ഗ്രഹണം മാത്രമേ ദൃശ്യമാകൂ. ഉച്ചയ്ക്ക് 1:33 മുതല്‍ 3:48 വരെയായിരിക്കും യു എ ഇ യിലെ സമയക്രമം.
കണ്ണുകള്‍ സൂക്ഷിക്കുക!
സൂര്യഗ്രഹണം കാണുമ്പോള്‍ കണ്ണ് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സൗദി സ്പേസ് ഏജൻസി ഓർമ്മിപ്പിക്കുന്നു. സാധാരണ സണ്‍ഗ്ലാസുകള്‍ കണ്ണിന് സംരക്ഷണം നല്‍കില്ല. അതിനാല്‍ അറ്റകുറ്റപ്പണികള്‍ ഇല്ലാത്ത സർട്ടിഫൈഡ് സോളാർ എക്ലിപ്സ് ഗ്ലാസുകള്‍ (Certified Solar Eclipse Glasses) മാത്രം ഉപയോഗിക്കുക. ശരിയായ ഫില്‍ട്ടറുകള്‍ ഇല്ലാതെ ബൈനോക്കുലർ, ടെലിസ്കോപ്പ്, ക്യാമറ എന്നിവ ഉപയോഗിച്ച് സൂര്യനെ നോക്കരുത്. പൂർണ്ണ ഗ്രഹണത്തിന്റെ ഏതാനും മിനിറ്റുകള്‍ ഒഴികെ ബാക്കി എല്ലാ സമയത്തും സോളാർ ഗ്ലാസുകള്‍ ധരിച്ചിരിക്കണം.
Total solar eclipse in Saudi Arabia on August 2 next year;




