
ജിദ്ദ: വെള്ളിയാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിലും ഒമാനിലും ശനിയാഴ്ച റമദാൻ ഒന്ന്
സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സാധാരണ മാസപ്പിറവി നിരീക്ഷിക്കാറുള്ള തുമൈർ, അൽ ഹരീഖ്, ശഖ്റ, ഹുത്ത സുദൈർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തവണയും നിരീക്ഷണത്തിന് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും എല്ലാ സ്ഥലങ്ങളിലും ആകാശം മേഘവൃതം ആയതിനാലും പൊടിക്കാറ്റ് ഉണ്ടായതിനാലും നിരീക്ഷണത്തിന് പ്രയാസമുണ്ടാക്കിയിരുന്നു…
എന്നാൽ തുമൈറിൽ ആകാശം തെളിഞ്ഞതോടെ ചന്ദ്രക്കല ദൃശ്യമാവുകയായിരുന്നു. മാസപ്പിറവി കണ്ടത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം സൗദി സുപ്രീംകോടതിയിൽ നിന്നും പുറത്തിറങ്ങും…
സൗദിയിൽ മാസപ്പിറിവി ദൃശ്യമായ സാഹചര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെ റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളിൽ പ്രത്യേക കമ്മറ്റിയുടെ ആലോചന യോഗം നടന്ന് വരികയാണ്. ഉടൻ തന്നെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങും…
STORY HIGHLIGHTS:Moon sighted; Ramadan fast begins tomorrow in Saudi Arabia and Oman…