അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില്പന 1,500 കോടി രൂപയ്ക്കു മുകളില്‍

കൊച്ചി:അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്തെ സ്വർണക്കടകളില്‍ 1,500 കോടി രൂപയ്ക്കു മുകളില്‍ സ്വർണവില്പന നടന്നതായി സ്വർണ വ്യാപാരികള്‍.
സ്വർണവിലയില്‍ മാറ്റമുണ്ടായില്ല. ഗ്രാമിന് 8980 രൂപയും പവന് 71,840 രൂപയുമായിട്ടാണ് അക്ഷയ തൃതീയ ദിനത്തില്‍ സ്വർണവില്പന നടന്നത്.
രാവിലെ മുതല്‍ സ്വർണക്കടകളില്‍ തിരക്ക് അനുഭവപ്പെട്ടു. വിലവർധനയുണ്ടായിട്ടും സ്വർണം വാങ്ങുന്നവരുടെ പർച്ചേസ് പവറില്‍ യാതൊരു കുറവും വന്നിട്ടില്ല.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, കോയിനുകള്‍, 24 കാരറ്റ് ബാറുകള്‍, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ആഭരണങ്ങള്‍ തുടങ്ങിയവ എല്ലാ ആഭരണശാലകളിലും വില്പനയ്ക്ക് ഒരുക്കിയിരുന്നു. നൂറു മില്ലിഗ്രാം മുതലുള്ള ആഭരണങ്ങള്‍ ജ്വല്ലറികളില്‍ ലഭ്യമായിരുന്നു.
ഏറ്റവും കുറഞ്ഞ തൂക്കം സ്വർണമെങ്കിലും വാങ്ങിക്കുക എന്നതായിരുന്നു പ്രത്യേകത. സംസ്ഥാനത്തെ 12,000ത്തോളം ജ്വല്ലറികളിലേക്ക് അഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ സ്വർണം വാങ്ങാൻ എത്തിയതായും പ്രതീക്ഷയ്ക്കനുസരിച്ചുള്ള വ്യാപാരം നടന്നതായും ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്‍റ്സ് അസോസിയേഷൻ അറിയിച്ചു.
1,500 കോടി രൂപയ്ക്കു മുകളില്‍ സ്വർണവ്യാപാരം നടന്നതായാണു സ്വർണ വ്യാപാര മേഖലയില്‍നിന്നു ലഭിക്കുന്ന സൂചനകളെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്‌ദുള്‍ നാസർ എന്നിവർ അറിയിച്ചു.
കഴിഞ്ഞവർഷത്തേക്കാള്‍ 35 ശതമാനത്തോളം മികച്ച വരുമാനമാണ് സ്വർണത്തില്‍നിന്ന് ഇത്തവണ ലഭിച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
STORY HIGHLIGHTS:Gold sales in the state exceed Rs 1,500 crore on Akshaya Tritiya