ഡിജിറ്റൽ സ്വർണം നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ വഴി വാങ്ങാം
സമ്പാദ്യം എന്ന നിലയിൽ പലരും സ്വർണം വാങ്ങാറുണ്ട്. എന്നാൽ, പണിക്കൂലിയും മറ്റു അധിക നിരക്കുകൾ ഉൾപ്പെടെ ജ്വല്ലറികളിൽ നിന്നു സ്വർണം വാങ്ങുന്നതിന് ചിലവേറുന്നു. ഇതിനു പുറമെ ഒരു നല്ല ജ്വല്ലറി തിരഞ്ഞെടുക്കുന്നതും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ സ്വർണം മികച്ച ബദലാകുന്നത്.
അധിക നിരക്കുകളില്ലാതെ നിലവിലെ വിപണി വിലയിൽ എളുപ്പത്തിൽ സ്വർണ്ണം വാങ്ങാം എന്നതാണ് ഡിജിറ്റൽ സ്വർണത്തിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ, ഡിജിറ്റൽ സ്വർണ്ണത്തിൽ, പരിശുദ്ധിയെ കുറിച്ചുള്ള ആശങ്കയുണ്ടാകുന്നില്ല. ഇതിനുപുറമേ ഡിജിറ്റൽ സ്വർണ്ണം വിപണി വിലയ്ക്ക് വാങ്ങാനോ വിൽക്കാനോ സാധിക്കുകയും ചെയ്യുന്നു.
ഡിജിറ്റൽ സ്വർണ്ണം എന്താണെന്നും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലൂടെ എങ്ങനെ വാങ്ങാമെന്നും നോക്കാം.
1 രൂപക്ക് സ്വർണം വാങ്ങാം
ഒരു രൂപ മുതൽ പ്രതിദിനം 2,00,000 രൂപയുടെ സ്വർണം വരെ ഡിജിറ്റൽ സ്വർണമായി വാങ്ങാം. ജ്വല്ലറികളിൽ നിന്നു ഫിസിക്കൽ സ്വർണം വാങ്ങുന്നതിനു സമാനമായി വിപണി അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നാൽ ഡിജിറ്റൽ സ്വർണം വാങ്ങുമ്പോൾ, അത് സൂക്ഷിക്കുന്നതിനെ കുറിച്ചോ, മോഷ്ടിക്കപ്പെടുമെന്നതിനെ കുറിച്ചോ ആശങ്ക ഉണ്ടാകുന്നില്ല. വിൽപനക്കാർ ഇതു നിങ്ങൾക്കായി സൂക്ഷിക്കും.
ലിക്വിഡേറ്റ് ചെയ്യാൻ എളുപ്പം
ഫിസിക്കൽ സ്വർണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡിജിറ്റൽ സ്വർണ്ണം ലിക്വിഡേറ്റ് ചെയ്യുന്നത് വളരെ എളുപ്പമാണ്. കൂടാതെ ഇത് യുപിഐ വഴി പണം അയക്കുന്നതുപോലെ ലളിതവുമാണ്. ചില പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ സ്വർണ്ണത്തെ ഫിസിക്കൽ സ്വർണമാക്കി മാറ്റാനും അനുവദിക്കുന്നു. എന്നാൽ ഫിസിക്കൽ സ്വർണമാക്കുന്നതിന് ഒരു ഗ്രാം സ്വർണമെങ്കിലും കുറഞ്ഞത് വേണം.
അതേസമയം, ഫിസിക്കൽ സ്വർണ്ണം വാങ്ങുമ്പോൾ, 22 കാരറ്റ് അല്ലെങ്കിൽ 91.6 ശതമാനം ശുദ്ധമായ സ്വർണ്ണമായിരിക്കും നിങ്ങൾക്കു ലഭിക്കുന്നത്. എന്നാൽ ഡിജിറ്റൽ സ്വർണമാകുമ്പോൾ, അത് 24 കാരറ്റ് അല്ലെങ്കിൽ 100 ശതമാനം ശുദ്ധമായിരിക്കും.
എംഎംടിസി-പിഎഎംപി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഡിജിറ്റൽ സ്വർണ്ണ വിൽപ്പനക്കാരാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡിജിറ്റൽ സ്വർണം വാങ്ങാൻ കഴിയും.
ഇന്ത്യയിൽ ഡിജിറ്റൽ സ്വർണം വാങ്ങുന്നതിനുള്ള മികച്ച പ്ലാറ്റ്‌ഫോമുകൾ
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി പ്രധാന ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ, പുതിയ അക്കൗണ്ട് സൃഷ്‌ടിക്കാതെയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെയോ ഡിജിറ്റൽ സ്വർണം വാങ്ങാൻ സാധിക്കും.
ഗൂഗിൾ പേയിൽ ഡിജിറ്റൽ സ്വർണം എങ്ങനെ വാങ്ങാം?
ഗൂഗിൾ പേയിൽ, ഗോൾഡ് ലോക്കർ സെർച്ച് ചെയ്ത് തുറക്കുക. നികുതി ഉൾപ്പെടെയുള്ള സ്വർണത്തിൻ്റെ നിലവിലെ വില ഇവിടെ കാണാം. നിങ്ങളുടെ സ്ക്രീനിൻ്റെ താഴെയുള്ള വാങ്ങൽ ( Buy) ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് തുക നൽകി ഇടപാട് പൂർത്തിയാക്കുക. ഇതേ ഓപ്ഷൻ ഉപയോഗിച്ച്, ഒരാൾക്ക് അവരുടെ വിലാസത്തിലേക്ക് ഫിസിക്കൽ ഗോൾഡ് കോയിനുകൾ ഡെലിവർ ചെയ്യാനും കഴിയും. ഈ സേവനം ഇന്ത്യയിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് മാത്രമേ ലഭ്യമാകൂ.
ഫോൺ പേയിൽ ഡിജിറ്റൽ സ്വർണം എങ്ങനെ വാങ്ങാം?
ഫോൺ പേയിൽ ഡിജിറ്റൽ സ്വർണം വാങ്ങുന്നത് ലളിതമായ പ്രക്രിയയാണ്. ആപ്പ് തുറക്കുക, ‘വെൽത്ത്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഗോൾഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾക്ക് ഡിജിറ്റൽ സ്വർണ്ണം വാങ്ങാം.
പേടിഎമ്മിൽ, പേടിഎം ഗോൾഡ് എന്ന ഓപ്ഷൻ തുറക്കുക. ഇവിടെ നിങ്ങൾക്ക് രണ്ടു ലക്ഷം രൂപയെടെ സ്വർണം വരെ വാങ്ങാം.
STORY HIGHLIGHTS:You can buy digital gold through your mobile