കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ ജില്ലാകളക്ടർ അരുണ്‍ കെ. വിജയൻ. സബ് കളക്ടർ നേരിട്ടെത്തിയാണ് മാപ്പെഴുതിയ കത്ത് കൈമാറിയത്.
ഇന്ന് രാവിലെ മുദ്ര വച്ച കവറിലാണ് സബ് കളക്ടറുടെ കൈയില്‍ അരുണ്‍ കെ. വിജയൻ കത്ത് കൊടുത്തു വിട്ടത്. നവീൻ ബാബുവിന്റെ സംസ്കാരച്ചടങ്ങളില്‍ അരുണ്‍ വിജയൻ പങ്കെടുത്തിരുന്നില്ല. സംഭവിച്ച കാര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം എന്നാണ് ലഭിക്കുന്ന വിവരം.
പി.പി ദിവ്യയുടെ അവഹേളനത്തിന് ശേഷം തന്റെ ചേംബറിലേക്ക് നവീൻ ബാബുവിനെ അരുണ്‍ വിജയൻ വിളിച്ച് സംസാരിച്ചിരുന്നതായി കത്തില്‍ പരമാർശമുണ്ട്. നവീനെ അധിക്ഷേപിച്ച് ദിവ്യ സംസാരിച്ചപ്പോള്‍ കളക്ടർ തലകുനിച്ച് ഇരിക്കുകയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലടക്കം കണ്ണൂർ കളക്ടറുടെ സമീപനത്തില്‍ വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മാപ്പപേക്ഷ.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തില്‍ കളക്ടർ അരുണ്‍ കെ വിജയനെതിരെ ബിജെപി രംഗത്തെത്തി. സംഭവത്തില്‍ കളക്ടറാണ് ഒന്നാം പ്രതിയെന്നും രണ്ടാം പ്രതി മാത്രമാണ് ദിവ്യയെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിച്ചു. ദിവ്യയ്ക്ക് അരുണിന്റെ എല്ലാ സഹായവും ലഭിച്ചിട്ടുണ്ട്. ദിവ്യ നടത്തിയ വാർത്താസമ്മേളനത്തിലെ കളക്ടറുടെ ശരീരഭാഷയില്‍ നിന്ന് തന്നെ അത് വ്യക്തമാണെന്നും ഹരിദാസ് പറഞ്ഞു. കളക്ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.
STORY HIGHLIGHTS:Kannur Collector apologizes to Naveen Babu’s family