കണ്ണൂര്: കണ്ണൂർ എഡിഎം ആയിരുന്ന നവീന് ബാബുവിന്റെ വിയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്ക്കൊടുവില് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ. നവീന് ബാബുവിന്റെ മരണത്തില് വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്ണ്ണമായും സഹകരിക്കുമെന്നും പി പി ദിവ്യ രാജിക്കത്തില് പറഞ്ഞു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും കത്തില് പറയുന്നു.
കണ്ണൂര് എഡിഎം ആയിരുന്ന നവീന് ബാബുവിന്റെ വേര്പാടില് അങ്ങേയറ്റം വേദനയുണ്ട്. ദുഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില് ഞാന് പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്ണ്ണമായും സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്ശനമാണ് ഞാന് നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തില് ചില ഭാഗങ്ങള് ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്ട്ടി നിലപാട് ഞാന് ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില് നിന്നും മാറിനില്ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില് ഞാന് ആ സ്ഥാനം രാജിവെക്കുന്നു’, എന്നാണ് പി പി ദിവ്യയുടെ രാജികത്തിന്റെ ഉള്ളടക്കം.
നവീന് ബാബുവിന്റെ മരണത്തില് ദിവ്യയെ പ്രസിഡന്റ് പദവിയില് നിന്നും നീക്കിയതിന് പിന്നാലെയാണ് രാജിക്കത്തും പുറത്തുവരുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള് ദിവ്യയുടെ വീട്ടില് എത്തിയിരുന്നു. എഡിഎമ്മിന്റെ മരണത്തില് പ്രതിഷേധം ശക്തമാവുമ്പോഴും ദിവ്യയെ പാര്ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.
നവീന് ബാബുവിന്റെ മരണത്തില് ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില് റിപ്പോര്ട്ട് നല്കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്ട്ടേഴ്സില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. നവീന് ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള് പമ്പിന് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.
STORY HIGHLIGHTS:PP Divya was removed from the post of Kannur District Panchayat President