ന്യൂഡൽഹി: മലപ്പുറത്തെയും മലബാർ മേഖലകളെയും സ്വർണ്ണക്കള്ളകടത്തിന്റെയും ഹാവാല ഇടപാടുകളുടെയും കേന്ദ്രമാക്കി മുദ്രകുത്താൻ പി ആർ ഏജൻസി ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാനെന്ന വ്യാജേന കെയ്സൻ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ റിലീസുകളിലാണ് മലബാറിനെ ലക്ഷ്യം വെച്ചുള്ള നീക്കം. പി വി അൻവറിന്റെ വിവാദങ്ങൾക്കിടയിലാണ് ഈ പത്രകുറിപ്പുകൾ കെയ്സൻ വിതരണം ചെയ്തത്
കഴിഞ്ഞ ഒരു മാസമായി നിരവധി വാർത്താ കുറിപ്പുകളാണ് കെയ്സൻ വിവിധ ദേശീയ മാധ്യമങ്ങൾക്ക് അയച്ചിട്ടുള്ളത്. മലപ്പുറം കേന്ദ്രീകരിച്ച് വലിയ ഹവാല ഇടപാടലുകളും സ്വർണ കള്ളക്കടത്തും നടക്കുന്നുവെന്നും ഈ പണത്തിന്റെ വലിയൊരു ഭാഗം നിരോധിത സംഘടനകളുടെ പ്രവർത്തനത്തിനും സർക്കാർ വിരുദ്ധ നീക്കങ്ങൾക്കും വേണ്ടി വിനിയോഗിക്കപ്പെടുന്നുവെന്നുമാണ് ഈ റിലീസുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇതിനായി കേരളവും യുഎഇയും കേന്ദ്രീകരിച്ച് വലിയ മാഫിയകൾ പ്രവർത്തിക്കുന്നുണ്ട് തുടങ്ങി ഗുരുതര ഉള്ളടക്കങ്ങൾ ഉള്ളതാണ് ഈ റിലീസുകൾ.
സെപ്റ്റംബർ 21 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് കരിപ്പൂർ വിമാനത്താവളം വഴി വരുന്ന സ്വർണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കുകളാണ്. എന്നാൽ റിലീസുകളിൽ കരിപ്പൂരെന്നല്ല മലപ്പുറമെന്നാണ് പറയുന്നത്. മലപ്പുറം ജില്ലയെ ലക്ഷ്യം വച്ചാണ് ഈ ഗൂഢനീക്കമെന്നാണ് റിലീസുകളിൽ നിന്ന് വ്യക്തമാവുക, ബിജപി ഉയർത്തുന്ന ആരോപണങ്ങളിലെ സമാനമായ ഭാഗങ്ങൾ ഈ റിലീസിന്റെ ഭാഗമായി വന്നിരിക്കുന്നുവെന്നും കാണാം.
സെപ്റ്റംബർ 29 ന് ദ ഹിന്ദു ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശം വലിയ വിവാദമായിരുന്നു. ഈ ഭാഗം ഉയർത്തി പി വി അൻവർ രംഗത്തെത്തിയതോടെ ഹിന്ദുവിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ഇതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഖേദം പ്രകടിപ്പിച്ച് ഹിന്ദു ദിനപത്രം രംഗത്തെത്തി. മുഖ്യമന്ത്രി പറഞ്ഞ വാചകങ്ങളല്ല, പകരം കെയ്സൻ എന്ന പി ആർ കമ്പനി എഴുതി നൽകിയ ഭാഗമാണ് മലപ്പുറം പരാമർശമെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കി. താൻ പറയാത്ത കാര്യങ്ങളാണ് ഹിന്ദു അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ പിആർ ഏജൻസിയുടെ ഇടപെടൽ ഇപ്പോൾ വിലയ വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി അറിയാതെയാണ് പിആർ ഏജൻസി പരാമർശം ഉൾപ്പെടുത്തിയതെങ്കിൽ കെയ്സനെതിരെ കേസെടുക്കാൻ തയ്യാറാണോ എന്നാണ് പ്രതിപക്ഷം മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നത്. മാത്രമല്ല, മലപ്പുറം പരാമർശവും പി ആർ വിവാദവും സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം.
STORY HIGHLIGHTS:Evidence of PR agency trying to label Malabar region as center of gold smuggling and hawala transactions is out.