തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് കർണാടകയിലെ പ്രാദേശിക മുങ്ങല് വിദഗ്ധനായ ഈശ്വർ മാല്പെ.
തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വർ മാല്പെ പറഞ്ഞു. ഷിരൂർ തെരച്ചില് വിഷയത്തില് ഇനി ഒരു തരത്തിലും വിവാദത്തിനില്ല. താൻ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഈശ്വർ മാല്പെ പറഞ്ഞു. ഇന്നലെ അർജുൻ്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് ഈശ്വർ മല്പെയുടെ പ്രതികരണം.
യൂട്യൂബില് നിന്ന് കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങള് നടത്തുന്നതെന്നും ഈശ്വർ മാല്പെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, ഷിരൂരില് മണ്ണിടിച്ചിലില് മരിച്ച അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിറകെ മനാഫ് ഇന്ന് പൊതു പരിപാടിയില് പങ്കെടുക്കും. കോഴിക്കോട് മുക്കത്തെ ഒരു സ്കൂള് നല്കുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. അർജുന്റെ പേരില് മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്സിനെ കൂട്ടാനാണ് ശ്രമിച്ചെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. രാവിലെ പത്തുമണിക്കാണ് പരിപാടി. അവിടെ മനാഫ് പ്രതികരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളാണ് അർജുന്റെ കുടുംബം ഉന്നയിച്ചത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിർത്തിയില്ലെങ്കില് നിയമനടപടി സ്വീകരിക്കുമെന്നും അർജുന്റെ കുടുംബം വ്യക്തമാക്കി. ഇമോഷനെ വിറ്റ് എല്ലാം ഒരാള് ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിർത്തിയില്ലെങ്കില് മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാള്ക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങള്ക്ക് പൈസ വേണ്ട. ഞങ്ങള് ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നത്. പലരും അദ്ദേഹത്തിന്റെ കയ്യില് പണം നല്കുന്നതായി അറിഞ്ഞിട്ടുണ്ട്. അങ്ങനെ ആരും പണം കൊടുക്കരുതെന്നാണ് പറയുന്നത്.
പല കാര്യങ്ങള് പറഞ്ഞ് കുടുംബത്തെ വ്യക്തിഹത്യ ചെയ്യുകയാണ് അദ്ദേഹം. മുബീൻ ആത്മാർമായ സ്നേഹത്തോടെ കൂടെ നിന്നു. അദ്ദേഹത്തോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപ്പറയാതിരുന്നത്. തെരച്ചില് ഫലം കണ്ട വിവരം ഔദ്യോഗികമായി ഞങ്ങള്ക്ക് കിട്ടിയിരുന്നു. വൈകാരികമായ അവസ്ഥയില് ആയിരുന്നു ഞങ്ങള്. ഈ സമയത്താണ് ഗംഗവാലി പുഴയില് അർജുനെ ഇട്ടു പോകാൻ പറ്റില്ല എന്ന ഡയലോഗ് മനാഫ് നടത്തുന്നത്.
പലഘട്ടത്തിലായി പലരും കുടുംബത്തിൻറെ വൈകാരികത മാർക്കറ്റ് ചെയ്തുവെന്നും അർജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തില് വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നുവെന്നും അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ ആരോപിച്ചു. ഇത്തരത്തില് വൈകാരികമായ മാർക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കുടുംബം നടത്തിയ ശ്രമങ്ങള് എണ്ണിപറഞ്ഞുകൊണ്ടായിരുന്നു ജിതിൻ സംസാരിച്ചത്.
STORY HIGHLIGHTS:There is no more controversy in the Shirur search issue. God knows what he did.