ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് ഷിരൂരിലെ തിരച്ചില് ദൗത്യം മതിയാക്കി ഈശ്വർ മാല്പെ ഉഡുപ്പിയിലേക്ക് മടങ്ങുന്നു.
ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തില് അർജുന്റെ അമ്മയോടും കുടുംബത്തോടും മാല്പെ മാപ്പ് പറഞ്ഞു. ഇന്ന് രാവിലെ തിരച്ചിലിനായി എത്തിയിരുന്ന മാല്പെ കോണ്ടാക്ട് പോയിന്റ് 4 ല് ഇറങ്ങാൻ ഡ്രെഡ്ജിങ് കമ്ബനി അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മാല്പെ തന്റെ നിരാശ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു.
സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻപോലും പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ഒരു സപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ല. അർജുന്റെ വീട്ടില്പോയി സമയത്ത് അവർക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്റെ അവസാന നിമിഷം വരെ തിരച്ചിലിന്റെ ഭാഗമായിരിക്കുമെന്ന്. ഇപ്പോള് ആ വാക്ക് പാലിക്കാൻ തനിക്കായില്ല. അർജുന്റെ അമ്മയോടും കുടുംബത്തോടും മാപ്പ് പറയുകയാണ്. വീട് വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് 4 ദിവസമായെന്നും ഈശ്വർ മാല്പെ പറഞ്ഞു.
ഷിരൂരിലെ മണ്ണിടിച്ചില് ഉണ്ടായ ആ സമയം മുതല് തന്നെ ദൗത്യത്തിന്റെ ഭാഗമായിരുന്നു മാല്പെ. ഗംഗാവലിപ്പുഴയില് ശക്തമായ അടിയൊഴുക്ക് ഉണ്ടായ സാഹചര്യത്തില്പോലും ജീവൻവരെ പണയംവെച്ച് മാല്പ്പെ പുഴയിലിറങ്ങി തിരച്ചില് നടത്തിയത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
അതിനിടെ തിരച്ചിലിനിടെ ഗംഗാവലി പുഴയില്നിന്ന് ഒരു ലോറിയുടെ എന്ജിന് കണ്ടെത്തി. എന്നാല്, ഇത് അർജുന്റെ ലോറിയുടെ എന്ജിന് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് ഭാരത് ബെൻസിന്റെ എൻജിനായിരുന്നു. എന്നാല്, ഇപ്പോള് ലഭിച്ചിരിക്കുന്നത് ടാറ്റയുടെ എൻജിനാണ്. ഇത് ടാങ്കറിന്റേതാണോ അല്ലെങ്കില്, മറ്റേതെങ്കിലും ലോറിയുടേതാണോ എന്ന് പറയാനാകില്ലെന്നും മനാഫ് വ്യക്തമാക്കി. ഈ എന്ജിന് ഇപ്പോള് പുറത്തേക്കെത്തിച്ചിട്ടുണ്ട്.
ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചില് പുരോഗമിക്കുന്നതിനൊപ്പം മുങ്ങല്വിദഗ്ധന് ഈശ്വർ മാല്പെയും സംഘവും സ്ഥലത്തുണ്ട്. ഈശ്വറിന്റെ നേതൃത്വത്തില് ഇപ്പോഴും പ്രദേശത്ത് മുങ്ങിത്താഴ്ന്നു പരിശോധിക്കുകയാണ്. അർജുന്റെ ലോറിയിലുണ്ടായിരുന്ന തടികള് ഇവർക്ക് ലഭിച്ചിരുന്നു.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന് കഴിയാത്തതിനാല് അര്ജുനുവേണ്ടിയുള്ള തിരച്ചില് അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല് ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്നം.
പിന്നീട്, കുടുംബം കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില് പുനരാരംഭിക്കാന് തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്ണാടക സര്ക്കാര് വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
STORY HIGHLIGHTS:Ishwar Malpe returns after the search is over.