ജൂലൈ 13 ശനിയാഴ്ച ചില ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്.
സിസ്റ്റം അപ്‌ഡേഷനുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 13 ശനിയാഴ്ച ചില ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ വൈകീട്ട് നാലര വരെയാണ് സിസ്റ്റം അപ്‌ഗ്രേഡ് നടക്കുക എന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. അന്നേദിവസം എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് തടസ്സമില്ല.
എന്നാല്‍ പണം പിന്‍വലിക്കുന്നതിന് പരിധിയുണ്ട്. എടിഎം പണം പിന്‍വലിക്കല്‍, ഇന്‍-സ്റ്റോര്‍ ഇടപാടുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ എന്നിവയ്ക്കുള്ള സംയോജിത പരിധി ആയിരിക്കും ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള നിയന്ത്രിത പരിധിയെന്നും ബാങ്ക് പ്രസ്താവിച്ചു.
എന്നാല്‍ യുപിഐ സേവനം തടസ്സപ്പെടും. ജൂലൈ 13ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ 3.45 വരെയും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയും യുപിഐ സേവനം തടസ്സപ്പെടുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. അതായത് എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കള്‍ക്ക് നിശ്ചിത സമയത്ത് യുപിഐ വഴി പണം സ്വീകരിക്കാനോ കൈമാറാനോ സാധിക്കില്ല.
ഇതിന് പുറമേ നിശ്ചിത സമയത്ത് മെര്‍ച്ചന്റ് പേയ്‌മെന്റ് ( ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍), ബാലന്‍സ് നോക്കല്‍, യുപിഐ പിന്‍ മാറ്റലും സെറ്റ് ചെയ്യലും അടക്കമുള്ള സേവനങ്ങളും തടസ്സപ്പെടുമെന്നും ബാങ്ക് അറിയിച്ചു. കാര്‍ഡ് ഉപയോഗിച്ച് മെര്‍ച്ചന്റ് പേയ്‌മെന്റ് നടത്താമങ്കിലും സിസ്റ്റം അപ്‌ഡേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ അക്കൗണ്ടില്‍ അപ്‌ഡേറ്റ്‌സ് വരികയുള്ളൂവെന്നും ബാങ്ക് അറിയിച്ചു.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നതിനും മറ്റും സേവനങ്ങള്‍ക്കും അന്നേദിവസം തടസ്സമുണ്ടാവില്ലെന്നും ബാങ്ക് അറിയിച്ചു. അസൗകര്യം ഒഴിവാക്കാന്‍ ജൂലൈ 12 വെള്ളിയാഴ്ച വൈകീട്ട് ഏഴരയ്ക്ക് മുന്‍പ് ഇടപാടുകള്‍ നടത്താനും ബാങ്ക് അറിയിച്ചു.
STORY HIGHLIGHTS:HDFC Bank said some banking services will be disrupted on Saturday, July 13.