AutoMobileCARLife Style

ഭവന വായ്പയെ മറികടന്ന് വാഹന വായ്പ, ബാങ്കിംഗ് രംഗത്ത് ട്രെന്‍ഡ് മാറ്റം

2025-26ആദ്യ പാദത്തില്‍ രാജ്യത്തെ ബാങ്കുകള്‍ ഭവന വായ്പയേക്കാള്‍ അനുവദിച്ചത് കാര്‍ ലോണുകളെന്ന് കണക്കുകള്‍.

ഉപയോക്താക്കളുടെ ഡിമാന്‍ഡിലും വായ്പാ ശീലങ്ങളിലും വന്ന അസാധാരണമായ മാറ്റമാണ് ഇതിന് പിന്നിലെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന് അനുസൃതമായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപയോക്താക്കളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ അടുത്ത പാദത്തില്‍ റിസര്‍വ് ബാങ്ക് വായ്പാ നയത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രവണതകള്‍ക്കും മാറ്റമുണ്ടാകുമെന്നും ഇവര്‍ പറയുന്നു.

2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയിലെ ബാങ്കുകള്‍ 2.4 ലക്ഷം കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും ഭവന വായ്പ, വാഹന വായ്പ, സ്വര്‍ണ വായ്പ എന്നീ വിഭാഗങ്ങളില്‍ വരുന്നവയാണെന്നും ആര്‍.ബി.ഐ കണക്കുകള്‍ വ്യക്തമാക്കുന്നു. റീട്ടെയില്‍ വായ്പയില്‍ എല്ലാകാലത്തും മുന്നില്‍ നില്‍ക്കുന്ന ഭവന വായ്പകളുടെ വളര്‍ച്ച ഇക്കാലയളവില്‍ കുറഞ്ഞു. എച്ച്‌.ഡി.എഫ്.സി ബാങ്ക് വായ്പ അനുവദിക്കുന്നതില്‍ കരുതലോടെ നീങ്ങുന്നതാണ് ഇതിനുള്ള ഒരു കാരണമായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭവന വായ്പ വളര്‍ച്ച കുറഞ്ഞു

ജൂണ്‍ വരെയുള്ള ഭവന വായ്പകള്‍ 30.6 ലക്ഷം കോടി രൂപയുണ്ടെന്നാണ് കണക്ക്. ആകെ ബാങ്ക് വായ്പയുടെ 16.6 ശതമാനമാണിത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 9.6 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് (സി.എ.ജി.ആര്‍) ഈ രംഗത്തുണ്ടായത്. എന്നാല്‍ മുന്‍പാദത്തെ അപേക്ഷിച്ച്‌ വായ്പ വളര്‍ന്നത് 1.9 ശതമാനം മാത്രമാണ്. ഇക്കാലയളവില്‍ 56,643 കോടി രൂപ മാത്രമാണ് ഭവന വായ്പ്പയില്‍ കൂടിയതെന്നും കണക്കുകള്‍ പറയുന്നു.

വണ്ടി വാങ്ങാന്‍ ആളുകൂടി

അതേസമയം, വാഹന വായ്പയിലുണ്ടായത് വലിയ വളര്‍ച്ചയാണ്. സമാന കാലയളവില്‍ 29,492 കോടി രൂപ വര്‍ധിച്ച്‌ ആകെ വാഹന വായ്പ 6.52 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍ പാദത്തെ അപേക്ഷിച്ച്‌ 4.7 ശതമാനവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 10.8 ശതമാനം വളര്‍ച്ച നേടി. ആകെ വായ്പയുടെ 3.5 ശതമാനത്തിലെത്താനും ഈ ശ്രേണിക്കായി. മധ്യവര്‍ഗത്തിന്റെ വരുമാന വളര്‍ച്ച, നഗരവത്കരണം, യുവാക്കളുടെ എണ്ണ കൂടിയത്, പലിശ നിരക്ക് കുറഞ്ഞത്, വായ്പയെടുക്കാനുള്ള പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായത് തുടങ്ങിയ ഘടകങ്ങളാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. സ്വന്തമായി വീടില്ലെങ്കില്‍ പോലും വാഹനം വാങ്ങേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നവര്‍ കൂടുതലായതും വാഹന വായ്പ വര്‍ധിക്കാന്‍ ഇടയാക്കിയെന്നും വിലയിരുത്തലുണ്ട്.

സ്വര്‍ണപ്പണയം കൂടി

ബാങ്കുകള്‍ അനുവദിച്ച ആകെ വായ്പയുടെ വളര്‍ച്ചയും പതിഞ്ഞ താളത്തിലാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. മുന്‍ പാദത്തില്‍ 182.44 ലക്ഷം കോടി രൂപയുണ്ടായിരുന്ന ആകെ വായ്പ 184.83 ലക്ഷം കോടി രൂപയായി. വളര്‍ന്നത് 1.3 ശതമാനം മാത്രം. സേവന മേഖലയിലെ വായ്പകളുടെ എണ്ണം 0.6 ശതമാനം കുറഞ്ഞതാണ് ഇതിനുള്ള പ്രധാന കാരണം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള വായ്പ കുറഞ്ഞതും മറ്റൊരു കാരണം.

എന്നാല്‍ ഇക്കാലയളവില്‍ സ്വര്‍ണ വായ്പയില്‍ കാര്യമായ വളര്‍ച്ചയുണ്ടായി. 28.9 ശതമാനം നിരക്കില്‍ 15.96 ലക്ഷം കോടി രൂപയായി ഇവ വര്‍ധിച്ചു. സ്വര്‍ണം ഈടാക്കി നല്‍കിയ കാര്‍ഷിക വായ്പകള്‍ സ്വര്‍ണപ്പണയമാക്കി കണക്കാക്കിയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.

STORY HIGHLIGHTS:Auto loans surpass home loans, a trend change in the banking sector

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker