നാല് ജില്ലകളിൽ നിരോധനാജ്ഞ തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാല് ജില്ലകലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ലത്.
കൊട്ടിക്കലാശം കഴിഞ്ഞ് ഇന്ന് വൈകിട്ട് ആറ് മണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലെ നിരോധനാജ്ഞ. പത്തനംതിട്ടയിൽ നാളെ വൈകിട്ട് ആറ് മണി മുതലാണ് നിരോധനാജ്ഞ. ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കളക്ടർമാരുടെ നിർദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരവുകളിൽ പറയുന്നുണ്ട്.
അതേസമയം, വീറും വാശിയും കത്തിപ്പടരുന്ന കൊട്ടിക്കലാശം ഇന്നുവൈകിട്ട് ആറുമണിക്ക് കഴിയും. തുടർന്ന് നിശബ്ദമായി അവസാന തന്ത്രങ്ങൾ പയറ്റുന്നതിലേക്ക് സ്ഥാനാർത്ഥികളും പാർട്ടികളും തിരിയും. ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കുകയാണ് മൂന്ന് മുന്നണികളും. വനിതകളുൾപ്പെടെ പരമാവധി പ്രവർത്തകരെ മുന്നു കൂട്ടരും എത്തിച്ചിട്ടുണ്ട്. വാദ്യമേളങ്ങളും വെടിക്കെട്ടും സമാപന നിമിഷങ്ങൾക്ക് ആവേശം കൂട്ടി. ആവേശം അതിരുകടക്കാതിരിക്കാൻ വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
STORY HIGHLIGHTS:Prohibitory order in four districts of the state