ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 67 കുറ്റവാളികൾ പരോളിലിറങ്ങി മുങ്ങിയെന്ന ജയിൽ വകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വന്നു.
കൊച്ചി | ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 67 കുറ്റവാളികൾ പരോളിലിറങ്ങി മുങ്ങിയെന്ന ജയിൽ വകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വന്നു. ഇവരെല്ലാം കൊലക്കേസ് പ്രതികളാണ്. മറ്റു കേസുകളിൽ വിവധ കാലയളവിലേക്ക് കഠിന തടവിന് ശിക്ഷിക്കപ്പെട്ട മൂന്നു പേരും മടങ്ങിയെത്തിയിട്ടില്ല.
1990 മുതൽ 2022 വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു യുവതി കൊല്ലപ്പെടുകയും പ്രതി മുൻ മാനഭംഗക്കേസിലെ പ്രതിയാണെന്ന് അതിജീവിത വെളിപ്പെടുത്തുകയും ചെയ്തതോടെ വിഷയത്തിന് ഗൗരവമേറുകയാണ്.
മൂന്നു വർഷത്തിനിടെ റിമാൻഡിൽ കഴിയുന്നതിനിടെ ചാടിപ്പോയ 42 പ്രതികളിൽ 17 പേരെയും കണ്ടെത്താനുണ്ട്. കൊലപാതകം, കവർച്ച , മാനഭംഗം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ വിചാരണ നേരിടുന്നവരാണ് ഇവർ. കോടതിയിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്രകൾക്കിടെ പൊലീസുകാരുടെ കണ്ണു വെട്ടിച്ചാണ് റിമാൻഡ് പ്രതികൾ രക്ഷപ്പെടുന്നത്.
1990 മുതലുള്ള കണക്കു നോക്കിയാൽ ആദ്യകൊലയാളി മുങ്ങിയിട്ട് 34 വർഷമാകുന്നു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് പരോളിൽ പോയത്. പൊള്ളാച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ രാമൻ എന്ന സുബ്രഹ്മണ്യനാണ് ഈ കുറ്റവാളി.1990 ആഗസ്റ്റ് നാലിന് ഇറങ്ങിയ ഇയാൾ സെപ്തംബർ ആറിന് തിരിച്ചെത്തേണ്ടതായിരുന്നു.
ഏറ്റവും ഒടുവിൽ മുങ്ങിയത് ഇരവിപുരം പൊലീസ് രജിസ്റ്റർ ചെയത് കൊലക്കേസിൽ ജീവപര്യന്തം കിട്ടിയ കൊല്ലം പട്ടത്താനം കൊരയ്ക്കാട്ട് വയലിൽ വീട്ടിൽ അനിൽ കുമാറാണ്. അന്തക്കണ്ണൻ എന്നറിയപ്പെടുന്ന ഇയാൾ 2022 ആഗസ്റ്റ് 29നാണ് പരോളിൽ പോയത്. സെപ്തംബർ 21ന് തിരിച്ചെത്തേണ്ടതായിരുന്നു.
എമർജൻസി ലീവിനും ഓർഡിനറി ലീവിനും (പരോൾ) അർഹതയുണ്ട്. കുടുംബാംഗങ്ങൾക്ക് രോഗം മൂർച്ഛിക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും പൊലീസ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ എമർജൻസി ലീവ് അനുവദിക്കും.
രണ്ടുവർഷത്തെ ശിക്ഷാകാലയളവ് പൂർത്തീകരിക്കുന്നവർക്കാണ് പരോൾ. ഒരുവർഷം 60 ദിവസം മാത്രം. ഒരു സമയം 15 ദിവസത്തിൽ കുറച്ചും 30 ദിവസത്തിലധികവും പരോൾ ലഭിക്കില്ല. വർഷത്തിൽ രണ്ടോ നാലോ തവണയായി അനുവദിക്കും. സ്വന്തം ജാമ്യത്തിനും പതിനായിരം രൂപയ്ക്ക് തുല്യമായ രണ്ടാൾ ജാമ്യത്തിലുമാണ് പരോൾ. മടങ്ങിവന്നില്ലെങ്കിൽ ജാമ്യക്കാർ 5000 രൂപ വീതം ബോണ്ട് കെട്ടുന്നതാണ് ആകെയുള്ള നടപടി.
2001-2022ൽ മുങ്ങിയത്
49 കൊലയാളികൾ
1990-2000 കാലയളവിൽ 18 കൊലയാളികളാണ് മുങ്ങിയത്.
2001-2022 കാലയളവിൽ 49 കൊലയാളികൾ മുങ്ങി.
STORY HIGHLIGHTS:A shocking report of the prison department has come out that 67 convicts who were sentenced to life imprisonment have been released on parole.