ലയന പദ്ധതിയില് നിന്ന് പിന്മാറിയതായി സീ എന്റര്ടെയ്ന്മെന്റ്.
ലയന പദ്ധതിയില് നിന്ന് പിന്മാറിയതായി സീ എന്റര്ടെയ്ന്മെന്റിനെ ജാപ്പനീസ് കമ്പനിയായ സോണി കോര്പ്പറേഷന് ഔദ്യോഗികമായി അറിയിച്ചതായി റിപ്പോര്ട്ട്. ലയനവുമായി ബന്ധപ്പെട്ട് രണ്ടുവര്ഷം നീണ്ട നടപടികള്ക്കാണ് ഇതോടെ അവസാനമായത്.
ലയന പദ്ധതിയില് നിന്ന് പിന്മാറിയെന്ന് ഔദ്യോഗികമായി അറിയിച്ച് കൊണ്ടുള്ള കത്ത് സോണി കോര്പ്പറേഷന് ഇന്ന് രാവിലെ സീ എന്റര്ടെയിന്മെന്റിന് നല്കിയതായാണ് റിപ്പോര്ട്ട്.
ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചിനെ പിന്നീട് അറിയിക്കുമെന്ന് കമ്പനിവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്ട്ടില് പറയുന്നു. ലയന കരാറിന്റെ വ്യവസ്ഥകള് പാലിക്കാത്തതാണ് സോണി പിന്മാറാനുള്ള കാരണമായി ബ്ലൂംബെര്ഗ് റിപ്പോര്ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് സീ എന്റര്ടെയ്ന്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലയനത്തിലൂടെ ഒടിടി രംഗത്തെ പ്രമുഖരായ ആമസോണ്, നെറ്റ്ഫ്ളിക്സ് എന്നിവയെ നേരിടാന് കഴിയുന്ന 1000 കോടി ഡോളര് മൂല്യമുള്ള ഒരു ആഗോള ഭീമനായി മാറാനുള്ള സാധ്യതയാണ് ഇല്ലാതായതെന്ന് റിപ്പോര്ട്ടുകള് ചൂണ്ടിക്കാണിക്കുന്നു.
സീ മേധാവി പുനീത് ഗോയങ്കയുമായി ബന്ധപ്പെട്ട സെബി അന്വേഷണം ഉള്പ്പെടെയുള്ള കാര്യങ്ങള് ലയനത്തെ ബാധിച്ചതായും സൂചനകളുണ്ട്. ഗോയങ്ക സീയില് നിന്ന് വിട്ടുപോയാല്, ലയന നിര്ദേശം സോണി വീണ്ടും പരിഗണിച്ചേക്കുമെന്നും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ലയന നടപടിയില് നിന്ന് സോണി പിന്മാറാന് പോകുന്നതായുള്ള റിപ്പോര്ട്ടുകളെ തുടര്ന്ന് സീ എന്റര്ടെയ്ന്മെന്റ് ഓഹരിയില് കനത്തനഷ്ടം നേരിട്ടിരുന്നു.
STORY HIGHLIGHTS:Zee Entertainment pulls out of merger plan