ചെറുകിട സംരംഭങ്ങള്‍ക്കായി ഡിജിറ്റല്‍ വായ്പയുമായി എസ് ബി ഐ
തിരുവനന്തപുരം :ചെറുകിട സംരംഭങ്ങള്‍ക്കായി (എംഎസ്എംഇ) വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15 മിനിറ്റുകള്‍ മാത്രമെടുത്ത് ഇൻവോയ്സ് ഫിനാൻസിംഗ് ലഭ്യമാക്കും.
വായ്പ അപേക്ഷ, ഡോക്യുമെന്റേഷൻ, വായ്പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടല്‍ ഇല്ലാതെയാണ് നടത്തുക. വായ്പ അവസാനിപ്പിക്കുന്നതും ഡിജിറ്റല്‍ രീതിയിലാണ്. ജി.എസ്.ടി ഇൻവോയ്സിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.
ജി.എസ്.ടി.ഐ.എൻ, ഉപഭോക്താവിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്, സി.ഐ.സി ഡാറ്റാബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നല്‍കുന്നത്. നിലവിലുള്ള എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും.
ചെറുകിട സംരംഭങ്ങള്‍ക്ക് വേഗത്തില്‍ സുഗമമായി വായ്പ നല്‍കാനാണ് എം.എസ്.എം.ഇ സഹജ് ലക്ഷ്യമിടുന്നതെന്ന് എസ്.ബി.ഐ ചെയർമാൻ ദിനേശ് ഖാര പറഞ്ഞു.
STORY HIGHLIGHTS:SBI with digital loan for small enterprises