വിദേശ നിക്ഷേപ ഒഴുക്ക് കുത്തനെ കുറയുന്നു.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുത്തനെ കുറയുന്നു. രണ്ട് വര്‍ഷം മുന്‍പ് വരെ വിദേശ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുടെയും ഹെഡ്ജ് ഫണ്ടുകളുടെയും മനം കവര്‍ന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പലതും ഇപ്പോള്‍ ആവശ്യത്തിന് പണം കണ്ടെത്താനാകാതെ വലയുകയാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലെ നിക്ഷേപം ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന തുകയായ 800 കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 90 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ് ലഭിച്ചത്. ബൈജൂസ്, പേടിഎം, ഒല കാബ്സ് തുടങ്ങിയ ഏറെ ആവേശം സൃഷ്ടിച്ച സംരംഭങ്ങളില്‍ മുതല്‍മുടക്കിയ വന്‍കിട ധനസ്ഥാപനങ്ങള്‍ക്ക് നിക്ഷേപം പൂര്‍ണമായും നഷ്ടപ്പെട്ട സ്ഥിതിയിലാണ്.
ബിസിനസ് വികസനത്തിനായി നേടിയ തുക മറ്റാവശ്യങ്ങള്‍ക്ക് വക മാറ്റിയതാണ് പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിനയായത്. യാഥാര്‍ത്ഥ്യ ബോധമില്ലാതെ വിപണിമൂല്യം പെരുപ്പിച്ച് കാട്ടി നിക്ഷേപം ആകര്‍ഷിച്ച സംരംഭങ്ങളാണ് നിലവില്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
രാജ്യത്തെ പ്രധാന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിപണി മൂല്യം രണ്ട് വര്‍ഷത്തിനിടെ കുത്തനെ ഇടിഞ്ഞു. 2022ല്‍ 2200 കോടി ഡോളറിന്റെ വിപണി മൂല്യമുണ്ടായിരുന്ന വിദ്യാഭ്യാസ ടെക്ക് കമ്പനിയായ ബൈജൂസിന്റെ നിലവിലെ വിപണി മൂല്യം 20 കോടി ഡോളര്‍ മാത്രമാണ്. പേടിഎമ്മിന്റെ ഓഹരികള്‍ ലിസ്റ്റിംഗിന് ശേഷം 80 ശതമാനം വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. ഒല കാബ്സിന്റെ വിപണി മൂല്യം മൂന്ന് വര്‍ഷത്തിനിടെ 74 ശതമാനം കുറഞ്ഞ് 190 കോടി ഡോളറിലെത്തി.
STORY HIGHLIGHTS:Foreign investment inflows are falling sharply.