ഓഹരി വിപണിയില്‍ തത്സമയ സെറ്റില്‍മെന്റ് വരുന്നു
ഡൽഹി:: ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റില്‍മെൻ്റ് പരീക്ഷണ അടിസ്ഥാനത്തില്‍ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സണ്‍ മാധബി പുരി ബുച്ച് പറഞ്ഞു.
അതേ ദിവസം തന്നെ ട്രേഡുകള്‍ സെറ്റില്‍ ചെയ്യപ്പെടും എന്നാണ് ഇതിനർത്ഥം. വിപണിയില്‍ ഇടപാട് നടത്തിയാല്‍ നടപടികള്‍ പൂർത്തിയായി പണം കിട്ടുന്നതിന് കാലതാമസം നേരിടുമെന്നുള്ള പോരായ്മയാണ് ഇതോടെ ഇല്ലാതാകുന്നത്.
ഈ രീതിയിലെ സെറ്റില്‍മെന്റുള്ള ക്രിപ്‌റ്റോകറൻസി പോലുള്ളവയുമായി മത്സരിക്കുന്നതിന് ഓഹരി വിപണിയില്‍ തല്‍ക്ഷണ സെറ്റില്‍മെൻ്റ് അനിവാര്യമാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ചെയർപേഴ്‌സണ്‍ മാധബി പുരി ബുച്ച് പറഞ്ഞു.
വിപണികള്‍ ഈ ദിശയിലേക്ക് നീങ്ങുന്നില്ലെങ്കില്‍, ഇവയില്‍ നിന്ന് നിന്ന് ഫണ്ടുകള്‍ ക്രിപ്റ്റോയിലേക്കും സമാന ആസ്തികളിലേക്കും നീങ്ങാനുള്ള നല്ല സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.
നിയന്ത്രണങ്ങള്‍ ഇല്ലാതെ പ്രവർത്തിക്കുന്ന ക്രിപ്റ്റോ പോലുള്ള അസറ്റ് ക്ലാസുകള്‍ക്ക് രഹസ്യാത്മകത, ടോക്കണൈസേഷൻ, തല്‍ക്ഷണ സെറ്റില്‍മെൻ്റ് എന്നിവയുടെ സൗകര്യങ്ങളുമുണ്ട്.
ഓഹരി വിപണിയില്‍ അറിയപ്പെടാതെ വ്യാപാരം നടത്താനാകില്ലെങ്കിലും, തത്സമയ ഇടപാട് തീർക്കലും ടോക്കണൈസേഷനും കൊണ്ടുവരാൻ സാധിക്കുമെന്ന് അവർ പറഞ്ഞു. ടി+0 രീതിയില്‍ ഓപ്‌ഷണലായി ട്രേഡുകളുടെ സെറ്റില്‍മെൻ്റ് മാർച്ച് 28-ന് തുടങ്ങും.
ആദ്യ ഘട്ടത്തില്‍, ഉച്ചയ്ക്ക് 1:30 വരെയുള്ള ട്രേഡുകള്‍ക്കായി ഒരു ഓപ്‌ഷണല്‍ T+0 സെറ്റില്‍മെന്റ് പ്ലാൻ ചെയ്തിട്ടുണ്ട്. ഫണ്ടുകളുടെയും സെക്യൂരിറ്റികളുടെയും ഇടപാട് അതേ ദിവസം വൈകുന്നേരം 4:30 ന് പൂർത്തിയാക്കും.
രണ്ടാം ഘട്ടത്തില്‍, ഉച്ചകഴിഞ്ഞ് 3.30 വരെ ട്രേഡുകള്‍ക്കായി ഓപ്ഷണല്‍ ഉടനടി ട്രേഡ്-ബൈ-ട്രേഡ് സെറ്റില്‍മെൻ്റ് നടത്തും.
STORY HIGHLIGHTS:Live settlement is coming in stock market