ഹോങ്കോങ്ങിനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ.
ഹോങ്കോങ്ങിനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഓഹരികളുടെ മൊത്തം മൂല്യം 4.33 ലക്ഷം കോടി ഡോളറായി ഉയര്‍ന്നതോടെയാണ് ഹോങ്കോങ്ങിനെ മറികടന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
4.29 ലക്ഷം കോടി ഡോളറാണ് ഹോങ്കോങ് സ്റ്റോക്ക് മാര്‍ക്കറ്റിലെ ഓഹരികളുടെ മൊത്തം മൂല്യം. തിങ്കളാഴ്ച വരെയുള്ള ഓഹരി വിപണി കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 2023 ഡിസംബര്‍ അഞ്ചിനാണ് ഇന്ത്യന്‍ ഓഹരികളുടെ മൊത്തം മൂല്യം നാലുലക്ഷം കോടി ഡോളര്‍ കടന്നത്. അടുത്തിടെയായി ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് മുന്നേറുകയാണ്. ഇതാണ് ഓഹരിമൂല്യത്തില്‍ പ്രതിഫലിച്ചത്. നാലുവര്‍ഷത്തിനിടെയാണ് മൊത്തം ഓഹരിമൂല്യത്തിന്റെയും പകുതിയും വന്നുചേര്‍ന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമേരിക്ക, ചൈന, ജപ്പാന്‍ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റു മൂന്ന് ഓഹരി വിപണികള്‍. കഴിഞ്ഞ 12 മാസം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപം ഒഴുകുകയായിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023ല്‍ വലിയ തോതിലാണ് കമ്പനികള്‍ ലാഭവിഹിതം നല്‍കിയത്. 2023ല്‍ മാത്രം സെന്‍സെക്‌സും നിഫ്റ്റിയും 18 ശതമാനത്തിന്റെ നേട്ടമാണ് ഉണ്ടാക്കിയത്. 2022ല്‍ നാലുശതമാനം മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ നേട്ടം.
STORY HIGHLIGHTS:India has overtaken Hong Kong as the fourth largest stock market in the world.