ലുലു ദുബൈ വാര്‍ഷിക വരുമാനം 66,500 കോടി രൂപ,ഡിവിഡന്റ് പ്രഖ്യാപിച്ചു.

അബൂദബി ഓഹരി വിപണിയിലെ ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ വാര്‍ഷിക കണക്കെടുപ്പില്‍ ലുലു റീട്ടെയിലിന് വന്‍ ലാഭ വര്‍ധന.
കഴിഞ്ഞ വര്‍ഷം കമ്ബനിയുടെ വരുമാനത്തില്‍ 4.7 വര്‍ധനവുണ്ടായപ്പോള്‍ ലാഭ വര്‍ധന 12.6 ശതമാനമാണ്. 760 കോടി ഡോളറിന്റെ (66,500 കോടി രൂപ) വരുമാനമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഗള്‍ഫ് രാജ്യങ്ങളിലെ 250 ലുലു സ്റ്റോറുകളില്‍ നിന്നുള്ള മൊത്ത വരുമാനമാണിത്.

കഴിഞ്ഞ പാദത്തില്‍ ലാഭം 16,600 കോടി
കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കമ്ബനിയുടെ വരുമാനം 16,600 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.8 ശതമാനം വര്‍ധന. സൗദി അറേബ്യയിലും ഖത്തറിലും ലീസ് പരിഷ്‌കാരങ്ങള്‍ കാരണം ചിലവുകള്‍ വലിയ തോതില്‍ ഉയര്‍ന്നിട്ടും കമ്ബനിക്ക് ലാഭം നിലനിര്‍ത്താനായി. നാലാം പാദത്തിലെ അറ്റാദായ മാര്‍ജിന്‍ 3.4 ശതമാനമാണ്. 2024 ല്‍ പുതിയ 21 സ്റ്റോറുകളാണ് തുറന്നത്. നാലാം പാദത്തില്‍ മാത്രം 9 പുതിയ സ്റ്റോറുകള്‍. കമ്ബനിയുടെ സ്വന്തം ലേബല്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് മൊത്ത വരുമാനത്തിന്റെ 29.9 ശതമാനം. ഇ- കൊമേഴ്‌സ് വില്‍പ്പയില്‍ 70 ശതമാനം വളര്‍ച്ചയുണ്ടായി. റീട്ടെയില്‍ വില്‍പ്പനയില്‍ 4.5 ശതമാനവും.
ചരിത്ര നേട്ടത്തിന്റെ വര്‍ഷമെന്ന് എംഎ യൂസഫലി
ലുലു റീട്ടെയിലിന് 2024 ചരിത്ര നേട്ടങ്ങളുടെ വര്‍ഷമായിരുന്നെന്ന് ലുലു റീട്ടെയില്‍ ചെയര്‍മാന്‍ എംഎ യൂസഫലി ദുബൈയില്‍ പറഞ്ഞു. അബൂദബി എക്‌സ്‌ചേഞ്ചിലെ ഐപിഒ ഞങ്ങളുടെ വളര്‍ച്ചാ യാത്രയില്‍ സുപ്രധാന നാഴികക്കല്ലാണ്. കഴിഞ്ഞ വര്‍ഷം അച്ചടക്കമുള്ള വിപുലീകരണം, തന്ത്രപരമായ പങ്കാളിത്തം, നൂതനാശയങ്ങളിലെ ശദ്ധ എന്നിവയിലൂടെ ബിസിനസ് മോഡലിന്റെ ശക്തി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും സുസ്ഥിര മൂല്യം നല്‍കുന്നതിനും മികച്ച ഷോപ്പിംഗ് അനുഭവമൊരുക്കുന്നതിനും ലുലു പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലുലു റീട്ടെയിലിന്റെ ഡയറക്ടര്‍ ബോര്‍ഡ് 735 കോടി രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു. ഓരോ ഓഹരിക്കും 3 ഫില്‍സ് വീതമാണ് ഡിവിഡന്റ്. അബൂദബി സ്റ്റോക്ക് എക്‌ചേഞ്ചില്‍ 1.66 ദിര്‍ഹത്തിന് (39 രൂപ) ട്രേഡിംഗ് നടക്കുന്ന ലുലുവിന്റെ ഓരോ ഓഹരിക്കും 80 പൈസയോളമാണ് ഡിവിഡന്റ്. 85 ശതമാനമാണ് പേഔട്ട് അനുപാതം. 2024 നവംബറില്‍ അബൂദബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഐപിഒയിലൂടെ 1.72 ബില്യണ്‍ ഡോളറാണ് കമ്ബനി സമാഹരിച്ചത്.
STORY HIGHLIGHTS:Lulu Dubai announces annual revenue of Rs 66,500 crore, dividend