World

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകള്‍ക്ക് മുൻതൂക്കമെന്ന് പ്രവചനങ്ങൾ.

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുൻതൂക്കമെന്ന് പ്രവചനങ്ങള്‍. സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും അധികാരസന്തുലിതാവസ്ഥ നിർണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്നാണ് വോട്ടെടുപ്പ്.

വാഷിങ്ടണ്‍: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുൻതൂക്കമെന്ന് പ്രവചനങ്ങള്‍. സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും അധികാരസന്തുലിതാവസ്ഥ നിർണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്നാണ് വോട്ടെടുപ്പ്.

23 കോടിയിലധികം വോട്ടർമാർക്ക് സമ്മതിദാനാവകാശമുള്ള തിരഞ്ഞെടുപ്പില്‍ നിർണായക സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാർഥികള്‍ മുന്നിലാണെന്നാണ് പ്രവചനങ്ങള്‍. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് മത്സരം. 36 സംസ്ഥാനങ്ങളില്‍ ഗവർണർമാരെയും തിരഞ്ഞെടുക്കും.

നിലവില്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. എബിസി ന്യൂസ് റിപ്പോർട്ട് പ്രകാരം 5.7 കോടിയിലധികം പേർ നേരത്തെയുള്ള വോട്ടെടുപ്പിലൂടെ ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. തപാല്‍ വോട്ടിലൂടെയും തിരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തിയും വോട്ട് ചെയ്യാം.അടുത്ത രണ്ടുവർഷത്തേക്ക് കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏത് പാർട്ടിക്കായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് തീരുമാനിക്കും. സെനറ്റില്‍ ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകള്‍ക്ക് നാല് സീറ്റും ജനപ്രതിനിധി സഭയില്‍ മൂന്ന് സീറ്റും അധികമായി നേടണം.

അമേരിക്കൻ സ്റ്റാറ്റിസ്റ്റീഷ്യൻ നേറ്റ് സില്‍വറിന്റെയും FLIPR 2026 പ്രവചനത്തിന്റെയും കണക്കുകള്‍ പ്രകാരം ടെക്സസ്, ഒഹായോ, മിഷിഗണ്‍, മെയ്ൻ, അയോവ എന്നീ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാർഥികള്‍ മുന്നിലാണ്. ടെക്സസില്‍ 3.3 ശതമാനവും ഒഹായോയില്‍ മൂന്ന് ശതമാനവും മിഷിഗണില്‍ 4.9 ശതമാനവും മെയ്‌നില്‍ 3.9 ശതമാനവും അയോവയില്‍ 1.1 ശതമാനവുമാണ് ഡെമോക്രാറ്റുകളുടെ ലീഡ്. കൻസസിലെ സെനറ്റ് പോരാട്ടത്തിലും ഡെമോക്രാറ്റിക് സ്ഥാനാർഥിക്ക് നാല് ശതമാനം മുൻതൂക്കമുണ്ട്. സെനറ്റിലേക്കുള്ള പ്രധാന പോരാട്ടങ്ങളില്‍ മിഷിഗണില്‍ ഡെമോക്രാറ്റ് അബ്ദുല്‍ എല്‍-സയ്ദും റിപ്പബ്ലിക്കൻ മൈക്ക് റോജേഴ്സും ഏറ്റുമുട്ടും.

ഫ്ലോറിഡയില്‍ ആൻജി നിക്സണും റിപ്പബ്ലിക്കൻ സെനറ്റർ ആഷ്‌ലി മൂഡിയും തമ്മിലാണ് മത്സരം. ജോർജിയയില്‍ ഡെമോക്രാറ്റിക് സെനറ്റർ ജോണ്‍ ഒസോഫും റിപ്പബ്ലിക്കൻ മൈക്ക് കോളിൻസും ഏറ്റുമുട്ടും.മെയ്‌നില്‍ റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസിനെ ഡെമോക്രാറ്റ് ട്രോയ് ജാക്സണ്‍ നേരിടും. ന്യൂ ഹാംഷെയറില്‍ ഡെമോക്രാറ്റ് ക്രിസ് പാപ്പസും മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോണ്‍ സുനുനുവും മത്സരിക്കും. നോർത്ത് കരോലിനയില്‍ റോയ് കൂപ്പറും മൈക്കല്‍ വാട്ലിയും തമ്മിലാണ് പോരാട്ടം.

സംസ്ഥാനങ്ങള്‍ക്കനുസരിച്ച്‌ വോട്ടെടുപ്പ് സമയത്തിലും വ്യത്യാസമുണ്ട്. വെർമോണ്ടില്‍ പ്രാദേശിക സമയം രാവിലെ അഞ്ചിന് പോളിങ് ആരംഭിക്കും. ന്യൂജേഴ്‌സി, വിർജീനിയ, കണക്റ്റിക്കട്ട്, കെന്റക്കി എന്നിവിടങ്ങളില്‍ രാവിലെ ആറിനാണ് വോട്ടെടുപ്പ് തുടങ്ങുന്നത്. ജോർജിയ, ഫ്ലോറിഡ, പെൻസില്‍വാനിയ, ന്യൂയോർക്ക് എന്നിവിടങ്ങളില്‍ രാവിലെ ആറിനും ഏഴിനുമിടയില്‍ പോളിങ് ആരംഭിക്കും. മിഷിഗണില്‍ രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങുന്നത്. ഇന്ത്യാന, കെന്റക്കി എന്നിവിടങ്ങളില്‍ വൈകിട്ട് ആറിനാണ് പോളിങ് അവസാനിക്കുക. മിഷിഗണില്‍ രാത്രി എട്ടിനും കൻസസില്‍ വൈകിട്ട് ഏഴിനും അയോവയില്‍ രാത്രി എട്ടിനും വോട്ടെടുപ്പ് അവസാനിക്കും.

വോട്ടെടുപ്പ് അവസാനിക്കുന്നതോടെ ചൊവ്വാഴ്ച തന്നെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങും. എന്നാല്‍ തപാല്‍ വോട്ടുകളും താല്‍ക്കാലിക ബാലറ്റുകളും എണ്ണിത്തീർക്കാൻ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ ചില മണ്ഡലങ്ങളിലെ അന്തിമഫലം പുറത്തുവരാൻ ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവന്നേക്കാം.

Story Highlights: US Midterm Elections | Democrats Projected to Gain an Edge in Both the Senate and the House of Representatives.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker