
അബുദാബി: സൗദി അറേബ്യൻ വിമാനത്താവളങ്ങള്‍ക്ക് നേരെ യമനിലെ ഹൂതി വിമതരുടെ ആക്രമണ ഭീഷണി ശക്തമായ സാഹചര്യത്തില്‍ സർവീസുകള്‍ റദ്ദാക്കുന്നത് നീട്ടി യു.എ.ഇ വിമാനക്കമ്പനി എത്തിഹാദ് എയർവേസ്.
അബുദാബിയില്‍ നിന്ന് സൗദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും നവംബർ 5 വരെ നിർത്തിവെച്ചതായി കമ്പനി അറിയിച്ചു.(Etihad Airways Extends Flight Cancellations Saudi Arabia Houthi Attacks)
കൂടാതെ അബുദാബിക്കും ജിദ്ദയ്ക്കുമിടയില്‍ സർവീസ് നടത്തുന്ന EY601, EY602, EY603, EY604 എന്നീ വിമാനങ്ങളും നവംബർ 5 വരെ സർവീസ് നടത്തില്ല. അതേസമയം, EY 615, EY 611 എന്നീ രണ്ട് ജിദ്ദ സർവീസുകള്‍ നിലവില്‍ മാറ്റമില്ലാതെ തുടരുമെന്ന് എത്തിഹാദ് ഫ്ലൈറ്റ് ട്രാക്കർ വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളിലും സർവീസുകളില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നും എത്തിഹാദ് പ്രസ്താവനയില്‍ വ്യക്തമാക്കി. യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ കൃത്യമായ സമയം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കണമെന്നും, തടസ്സങ്ങള്‍ നേരിട്ട യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാൻ കമ്പനി സദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദിയിലെ പ്രമുഖ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് നിരന്തരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്. ഒക്ടോബർ മാസം ആരംഭിച്ചത് മുതല്‍ ഇതുവരെ നടന്ന ആക്രമണങ്ങളില്‍ 21 പേർ കൊല്ലപ്പെട്ടതായി സൗദി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഒക്ടോബർ 10-ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ക്രൂരമായ മിസൈല്‍ ആക്രമണത്തില്‍ 13 പേർ കൊല്ലപ്പെടുകയും 308 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സൗദി നേരിട്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.





