കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

ഡൽഹി:തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു.
നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഇരു വിപണികളും ഇന്ന് 1.5 ശതമാനമാണ് ഇടിഞ്ഞത്. ഇടത്തരം, ചെറുകിട ഓഹരികളില്‍ ഉണ്ടായ ഇടിവാണ് വിപണിയില്‍ പ്രതിഫലിച്ചത്.

അമേരിക്കയുടെ വ്യാപാര താരിഫ് ഭീഷണി, വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, കമ്ബനികളുടെ മോശം മൂന്നാം പാദ ഫലം എന്നിവയാണ് വിപണിയെ സ്വാധീനിക്കുന്നത്. അമേരിക്ക അലുമിനിയത്തിന്റെ ഇറക്കുമതി താരിഫ് 25 ശതമാനമായി ഉയര്‍ത്തിയതും സ്റ്റീല്‍ ഇറക്കുമതിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് പുനഃസ്ഥാപിച്ചതുമാണ് വിപണിയെ പ്രധാനമായി ബാധിച്ചത്. അപ്പോളോ ഹോസ്പിറ്റല്‍, ശ്രീറാം ഫിനാന്‍സ്, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്ബനികള്‍.
ഇതിന് പുറമേ ഡോളറിനെതിരെ രൂപ വീണ്ടും ദുര്‍ബലമായതും വിപണിയില്‍ പ്രതിഫലിച്ചു. ഇന്നലെ വ്യാപാരത്തിനിടെ ഒരു ഡോളറിന് 88 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. ഈ മാസം ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് 12,643 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.

STORY HIGHLIGHTS:Stock market plunges, Sensex falls 1200 points