KeralaNewsPolitics

പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം നേതാക്കളടക്കമുള്ള പ്രതികള്‍ക്ക് കൊച്ചി സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു.

ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു. 14, 20, 21 പ്രതികള്‍ക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.

2019ലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും(21), ശരത്‌ലാലിനെയും( 23) കൊലപ്പെടുത്തിയത്. ഉദുമ മുൻ എംഎല്‍എ കെവി കുഞ്ഞിരാമനടക്കം 14 പേർ കുറ്റക്കാരാണെന്ന് ഡിസംബർ 28നാണ് ജഡ്ജി എൻ ശേഷാദ്രിനാഥൻ വിധിച്ചത്. പത്തുപേരെ കുറ്റമുക്തരാക്കി. ശിക്ഷ നേരിടേണ്ട പ്രതികളില്‍ പത്ത് പേർക്കെതിരെ കൊലപാതകവും ഗൂഢാലോചനയും തെളിഞ്ഞിരുന്നു.

സിപിഎം പ്രാദേശിക നേതാവായിരുന്ന എ പീതാംബരനാണ് ഇരട്ടക്കൊലയുടെ മുഖ്യ ആസൂത്രകൻ. ഒന്നാം പ്രതിയായ പീതാംബരനടക്കം എട്ടുപേർ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. രാഷ്ട്രീയ ഭിന്നതയും മുൻ വൈരാഗ്യവും കാരണം കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചത് പൊലീസും ക്രൈം ബ്രാഞ്ചുമാണ്. സിപിഎം നേതാക്കളിലേക്ക് എത്താതെ കേസ് ഒതുക്കാനുള്ള ശ്രമം ഉന്നതതലത്തിലുണ്ടായി.

അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച്‌ കുടുംബം ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിബിഐയുടെ വരവിന് തടയിടാൻ സർ‌ക്കാർ കച്ചകെട്ടിയിറങ്ങി. സിബിഐക്ക് ഹൈക്കോടതി പച്ചക്കൊടി കാട്ടിയപ്പോള്‍ സുപ്രീംകോടതിയില്‍ സർക്കാർ അപ്പീലുമായെത്തി. ഇതിനുള്ള നിയമപോരാട്ടങ്ങള്‍ക്ക് ഖജനാവില്‍ നിന്ന് ദശലക്ഷങ്ങള്‍ ചെലവിട്ട് പ്രമുഖ അഭിഭാഷകരെ എത്തിച്ചു. അപ്പീലും തള്ളിയതോടെയാണ് 2020 ഡിസംബർ 10ന് സിബിഐ തുടരന്വേഷണം ഏറ്റെടുത്തത്. നേതാക്കളായ കുഞ്ഞിരാമനടക്കം കുടുങ്ങിയത് സിബിഐയുടെ വരവോടെയാണ്. കേസ് നടപടികള്‍ക്കായി തുടക്കത്തില്‍ ഇരകളുടെ കുടുംബത്തിനൊപ്പം നിന്നിരുന്ന അഡ്വ. സികെ ശ്രീധരൻ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേർന്നതും, പ്രതികളുടെ വക്കീലായതും പെരിയ കേസിലെ മറ്റൊരു കുതികാല്‍ വെട്ടായി.

STORY HIGHLIGHTS:Periya double murder case; Ten accused get double life sentences

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker