KeralaNews

എരഞ്ഞിപ്പാലം ലോഡ്ജിലെ കൊലപാതക കേസില്‍ പ്രതി ഒടുവില്‍ ചെന്നൈയില്‍ നിന്നുപിടിയില്‍

കോഴിക്കോട്:എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍.

ചെന്നൈയിലെ ആവഡിയില്‍ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും.

മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്ച സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം കൂടെയുണ്ടായിരുന്ന അബ്ദുല്‍ സനൂഫ് കടന്നുകളയുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.

സനൂഫിനെതിരെ ഫസീല മുന്‍പ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പായിരുന്നു. ഇതിനു ശേഷവും ഫസീലയും സനൂഫും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്.

പൊലീസ് മൂന്നു സംഘമായാണ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്. സനൂഫ് ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന് സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബെംഗളൂരുവിലെത്തിയിരുന്നു. പ്രതിക്കുവേണ്ടി ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറില്‍ പാലക്കാടേയ്ക്ക് പോയിരുന്നു. അയല്‍ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നു പോയിട്ടുണ്ടാകും എന്നായിരുന്നു പൊലീസ് നിഗമനം. ഇതേത്തുടര്‍ന്നു തമിഴ്‌നാട്ടിലും കര്‍ണാടകയിലും സനൂഫിനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് ചെന്നൈയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്.

സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ലോഡ്ജില്‍ മുറിയെടുത്തത്. മൂന്ന് ദിവസത്തേക്കാണ് മുറിയെടുത്തത്. ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു. പണം എടുക്കണമെന്നു പറഞ്ഞ് പിന്നീട് ഇയാള്‍ ലോഡ്ജില്‍ നിന്നു ഇറങ്ങിപ്പോയി.

സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടെങ്കിലും ഇതു വ്യാജമാണെന്നു കണ്ടെത്തി. ഇയാള്‍ വന്ന കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാത്രി കണ്ടെത്തി. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല ഇയാള്‍ താമസിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

രണ്ട് തവണ വിവാഹ മോചിതയായ ഫസീല നേരത്തെ സനൂഫിനെതിരെ പീഡനത്തിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കരുതുന്നത്. വിവാഹ മോചന കേസ് നടക്കുന്നതിനിടെയാണ് സനൂഫിനെ ഫസീല പരിചയപ്പെടുന്നത്.

STORY HIGHLIGHTS:Accused in Eranjipalam Lodge murder case finally arrested in Chennai

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker