ദുബായ് നിവാസികള്ക്കിനി ജീവിതച്ചെലവുകള് വർദ്ധിക്കും.
ദുബൈ:ജോലി സ്ഥലത്തേയ്ക്കും മറ്റും പതിവായി യാത്ര ചെയ്യേണ്ടിവരുന്ന ദുബായ് നിവാസികള്ക്കിനി ജീവിതച്ചെലവുകള് വർദ്ധിക്കും.
ദുബായില് പുതിയ സാലിക് ടോള് ഗേറ്റ് ഇന്നലെമുതല് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ബിസിനസ് ബേ ബ്രിഡ്ജിലാണ് പുതിയ ടോള് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്.
ഷാർജ, കിഴക്കൻ ദുബായ് തുടങ്ങി പ്രധാന ബിസിനസ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതകള് പുതിയ സാലിക് ടോള് ഗേറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നു. പുതിയ ടോള് ഗേറ്റ് വന്നതോടെ പ്രതിദിനം എട്ട് ദിർഹം അധികച്ചെലവാകുന്നുവെന്നാണ് നിരവധിപ്പേർ പരാതിപ്പെടുന്നത്. പുതിയ സാലിക് ഗേറ്റ് ടാക്സി നിരക്കിലും വർദ്ധനവുണ്ടാക്കിയതായി ചില ദുബായ് താമസക്കാർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പുതിയ ഗേറ്റ് ഗൂഗിള് മാപ്പില് അപ്ഡേറ്റ് ചെയ്യാത്തതും യാത്രക്കാരെ വലയ്ക്കുന്നു.
ബിസിനസ് ബേ ബ്രിഡ്ജിനുപുറമെ അല് സഫ സൗത്ത് ഗേറ്റിലും പുതിയ സാലിക് ടോള് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതും ഇന്നലെമുതല് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. അല് മെയ്ദാൻ തെരുവിനും അം അല് ഷെരീഫ് തെരുവിനും ഇടയിലായി ഷെയ്ഖ് സയ്യേദ് റോഡിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ നഗരത്തിലെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം പത്തായി. പുതിയ രണ്ട് ടോള് ഗേറ്റുകള് കൂടി വന്നതോടെ മറ്റ് റൂട്ടുകള് കണ്ടെത്താനുള്ള ശ്രമത്തിലാണ് ദുബായ് നിവാസികള്. പുതിയ ഗേറ്റുകള് ഗതാഗത തടസം ലഘൂകരിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും ജീവിതച്ചെലവ് വർദ്ധിപ്പിക്കുമെന്നാണ് കൂടുതല് പേരും ആശങ്കപ്പെടുന്നത്.
STORY HIGHLIGHTS:The cost of living for Dubai residents will increase.