കാസറഗോഡ്:കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ കോടതി രേഖകള്‍ക്കൊപ്പം സൂക്ഷിച്ചിരുന്ന മകളുടെ തലയോട്ടി വൈകാരികമായ അന്തരീക്ഷത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറി.
കാസർകോട് ജില്ലാ പ്രിൻസിപല്‍ സെഷൻസ് കോടതിയില്‍ നിന്നാണ് കർണാടക കുടക് അയ്യങ്കേരി സ്വദേശികളായ സഫിയയുടെ പിതാവ് മൊയ്തു, മാതാവ് ആഇശ, സഹോദരങ്ങളായ മുഹമ്മദ് അല്‍ത്വാഫ്, മലപ്പുറം ഇഹ്‌യാഹുസുന്നയിലെ വിദ്യാർഥി മിസ്ഹബ്, അല്‍ത്വാഫിൻ്റെ ഭാര്യ തംസീറ, മിസ്ഹബ് എന്നിവർ ചേർന്ന് തലയോട്ടി ഏറ്റുവാങ്ങിയത്.
ജില്ലാ എസ് വൈ എസ് സാന്ത്വനം സെക്രടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടകുന്ന്, മുഹിമ്മാത് സെക്രടറി സയ്യിദ് ഹാമിദ് അൻവർ അഹ്ദല്‍ തങ്ങള്‍, അജിത് കുമാർ ആസാദ്, നാരായണ്‍ പെരിയ, അമ്ബലത്തറ കുഞ്ഞികൃഷ്ണൻ, സുബൈർ പടുപ്പ്, അബ്ദുല്‍ ഖാദിർ അശ്റഫ് എന്നിവർ കൂടെയുണ്ടായിരുന്നു. തുടർന്ന് പുത്തിഗെ മുഹിമ്മാത്തിൻ്റെ ആംബുലൻസില്‍ കയറ്റി മുഹിമ്മാത്തില്‍ കൊണ്ട് പോയി അന്ത്യ കർമങ്ങള്‍ക്ക് ശേഷം മുഹിമ്മാത്ത് ജുമാ മസ്ജിദില്‍ മയ്യിത്ത് നിസ്കാരവും നടത്തി.
മുഹിമ്മാത്ത് വൈസ് പ്രിൻസിപല്‍ വൈ എം അബ്ദുർ റഹ്‌മാൻ അഹ്‌സനി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കി. തുടർന്ന് സ്വദേശമായ കുടക് അയ്യങ്കേരിയിലേക്ക് കൊണ്ടുപോയി അയ്യങ്കേരി ജമാ മസ്ജിദ് ഖബർസ്ഥാനില്‍ മതപരമായ ചടങ്ങുകളോടെ തലയോട്ടി ഖബറടക്കി.
ദാരുണ കൊലപാതകം
ഗോവയില്‍ കരാറുകാരനായ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ സി ഹംസയും ഭാര്യ മൈമൂനയും താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ 2006ലാണ് കുടക് അയ്യങ്കേരി സ്വദേശിനിയായ സഫിയ (13) കൊല്ലപ്പെടുന്നത്. 2008ല്‍ ഗോവയിലെ അണക്കെട്ടിന് സമീപമാണ് സഫിയയുടെ അസ്ഥികള്‍ കണ്ടെടുത്തത്. ഇവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു കൊല്ലപ്പെട്ട സഫിയ. ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേല്‍ക്കുകയും സംഭവം പുറത്തറിയാതിരിക്കാൻ കൊന്ന് കഷ്ണങ്ങളായി മുറിച്ച് കുഴിച്ചുമൂടിയെന്നുമാണ് പ്രതികള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കുറ്റസമ്മതം നടത്തിയത്.
കേസിലെ നടപടികള്‍
ജീവനോടെ മൂന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഹംസ കരാർ ജോലി ഏറ്റെടുത്ത കനാലില്‍ കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം കനാലില്‍ നടത്തിയ തിരച്ചിലാണ് മൃതദേഹ അവശിഷ്ടം കണ്ടെടുത്തത്. കേരളത്തില്‍ ഏറെ പ്രമാദമായ ഈ കേസില്‍ 2015ല്‍ ജില്ലാ സെഷൻസ് കോടതി ഒന്നാം പ്രതി കെ സി ഹംസയെ വധശിക്ഷക്കും, ഭാര്യ മൈമൂനയെയും ബന്ധു അബ്‌ദുല്ലയെയും മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു.
പിന്നീട് പ്രതികള്‍ നല്‍കിയ അപീലില്‍ ഹംസയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയും മൈമൂനയയെയും അബ്ദുല്ലയെയും വെറുതെ വിടുകയും ചെയ്തിരുന്നു. കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ ജില്ലാ സെഷൻസ് കോടതി തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. സഫിയ കേസ്, ദൃക്‌സാക്ഷികളില്ലാതെ പൂർണമായും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ച കേരളത്തിലെ രണ്ടാമത്തെ കേസാണ്, ആദ്യത്തേത് 2009-ല്‍ എറണാകുളം കോതമംഗലത്ത് നടന്ന അജാസ് കൊലക്കേസായിരുന്നു.
ചുമത്തിയത് ഗുരുതര കുറ്റങ്ങള്‍
പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അന്യായമായ തടങ്കലില്‍ വയ്ക്കല്‍, ബാലപീഡനം തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിരുന്നു. 37 സാക്ഷികളെ വിസ്തരിച്ചും 64 രേഖകളും 12 വസ്തുക്കളും കോടതിയില്‍ ഹാജരാക്കിയും ദൃക്‌സാക്ഷികളില്ലാത്ത സാഹചര്യത്തില്‍ പോലും കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്നു.
സഫിയ ആക്ഷൻ കമിറ്റി നടത്തിയ ഐതിഹാസികമായ സമരത്തിനൊടുവിലാണ് സഫിയയെ കാണാതായ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയും പിന്നീട് കേസ് തെളിയിക്കുകയും ചെയ്തത്. ക്രൈംബ്രാഞ്ച് സിഐയായിരുന്ന ഇപ്പോഴത്തെ മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി സന്തോഷിൻ്റെ നേതൃത്യത്തിലാണ് കേസ് തെളിയിച്ചത്. ഫോറൻസിക് വിദഗ്ധ ഷേർളി മാത്യുവിൻ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥി സഫിയയുടേതാണ് സ്ഥിരീകരിക്കപ്പെട്ടത്.
തലയോട്ടി ഏറ്റുവാങ്ങല്‍
16 വർഷം കേസിന്റെ നിയമനടപടിയുമായി ബന്ധപ്പെട്ട് സൂക്ഷിച്ച സഫിയയുടെ തലയോട്ടിയാണ് ഇപ്പോള്‍ ഖബറടക്കത്തിനായി വിട്ടുകൊടുക്കണമെന്ന അപേക്ഷയില്‍ ജില്ലാ പ്രിൻസിപല്‍ സെഷൻസ് ജഡ്ജ് സാനു എസ് പണിക്കർ ഉത്തരവിട്ടത്. കേസില്‍ പബ്ലിക് പ്രോസിക്യൂടറായിരുന്ന അഡ്വ. സി ശുകൂർ മുഖേനയാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് നിർണായക തെളിവായിരുന്ന തലയോട്ടി കൈമാറിയത്.
STORY HIGHLIGHTS:Safia’s parents received the skull from the court