Business

ട്രംപിന്റെ വിജയത്തില്‍ തകര്‍ന്ന് ആഗോള സ്വര്‍ണവില

യുഎസ് പ്രസിഡന്റ് പദത്തിലേക്ക് ഡോണള്‍ഡ് ട്രംപ് വീണ്ടും എത്തുമെന്ന് ഉറപ്പായതോടെ രാജ്യാന്തര സ്വർണവിലയില്‍ കനത്ത തകർച്ച.

കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,790 ഡോളർ എന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ വില ഇപ്പോഴുള്ളത് 2,652 ഡോളറില്‍.

ഇന്നലെ ഔണ്‍സിന് 80 ഡോളറിലധികമാണ് ഇടിഞ്ഞത്. ഒരുവേള വില 2,647 ഡോളറിലേക്ക് കൂപ്പുകുത്തിയെങ്കിലും മെല്ലെ നഷ്ടം കുറയ്ക്കുന്നതാണ് ദൃശ്യമാകുന്നത്. രാജ്യാന്തര വെള്ളിവിലയും ഔണ്‍സിന് 4% താഴ്ന്നു.

ഉയർന്ന തീരുവകള്‍ ഏർപ്പെടുത്തി ഇറക്കുമതി നിയന്ത്രിക്കുന്നതും അമേരിക്കക്കാർക്കും അമേരിക്കൻ കമ്ബനികള്‍ക്കും മേലുള്ള നികുതിഭാരം കുത്തനെ കുറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള ട്രംപിന്റെ നയങ്ങള്‍ പൊതുവേ ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കിനും (ട്രഷറി ബോണ്ട് യീല്‍ഡ്) കരുത്തേകുന്നതാണ്.

ട്രംപ് ലീഡ് പിടിച്ചതോടെ യൂറോ, യെൻ തുടങ്ങിയ ആറ് മുൻനിര കറൻസികള്‍ക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 105.08 എന്ന ശക്തമായ നിലയിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതു വൈകാതെ 106 ഭേദിച്ചേക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്.

യുഎസ് സർക്കാരിന്റെ 10 വർഷ ട്രഷറി യീല്‍ഡ് 4.455% കടന്നു. ഇതും വൈകാതെ 4.5% കവിയുമെന്നാണ് കരുതുന്നത്. ട്രംപിന്റെ കാലത്ത് സർക്കാരിന്റെ കടമെടുപ്പ് ഉയരാനുള്ള സാധ്യതയുമേറെയാണ്.

ഫലത്തില്‍, ഡോളറില്‍നിന്നും ബോണ്ടില്‍നിന്നും മികച്ച നേട്ടം (റിട്ടേണ്‍) കിട്ടുമെന്നായതോടെ നിക്ഷേപകർ സ്വർണ നിക്ഷേപ പദ്ധതികളില്‍നിന്നു പിന്‍മാറുന്നതാണ് വിലയിടിവിന് വഴിവച്ചത്.

മാത്രമല്ല, ഡോളർ ശക്തി പ്രാപിച്ചതോടെ സ്വർണം വാങ്ങുക ചെലവേറിയതായതും വിലയിടിവിന് കളമൊരുക്കി.

STORY HIGHLIGHTS:Global gold prices tumbled on Trump’s victory

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker