ഇസ്രായേല് ആക്രമണത്തിന് ഉചിതമായ തിരിച്ചടി നല്കാനുള്ള അവകാശം തങ്ങള്ക്കുണ്ടെന്ന് ഇറാൻ. അടിയന്തര യുഎൻ രക്ഷാസമിതി വിളിച്ചുചേർക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
ഇറാൻ തിരിച്ചടിച്ചാല് ഇസ്രായേല് സുരക്ഷക്കായി രംഗത്തിറങ്ങാൻ യുഎസ് പ്രസിഡന്റ ജോ ബൈഡൻ സൈന്യത്തിന് അനുമതി നല്കി. ലബനാനില് ഹിസ്ബുല്ല നടത്തിയ ആക്രമണത്തില് മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും 61 പേർക്ക് പരിക്കേറ്റതായും ഇസ്രായേല് സ്ഥിരീകരിച്ചു. വെടിനിർത്തല് ചർച്ചക്കായി മൊസാദ് മേധാവി ഇന്ന് ദോഹയിലെത്തും.
അതേസമയം ശത്രുവിന്റെ കടന്നുകയറ്റത്തിന് തിരിച്ചടി നല്കാൻ ഇറാന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. അന്തർദേശീയ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേല് മേഖലയില് തുടരുന്നതെന്നും ലോകസമാധാനത്തിന് നേരെയുള്ള വെല്ലുവിളി ചർച്ച ചെയ്യാൻ അടിയന്തരമായി യുഎൻ രക്ഷാസമിതി ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൈനിക കേന്ദ്രങ്ങള് മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണത്തോടെ ഇറാനും ഇസ്രായേലും തമ്മിലെ നേരിട്ടുള്ള ഏറ്റുമുട്ടലിന് വിരാമമായെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. യുഎസ് സുരക്ഷാ സമിതി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ബൈഡന്റെ അധ്യക്ഷതയില് ചേർന്ന് സ്ഥിതിഗതികള് വിലയിരുത്തി. ഇറാൻ തിരിച്ചടിച്ചാല് ഇസ്രായേലിന് പിന്തുണ നല്കാൻ ബൈഡൻ സൈന്യത്തോട് ആവശ്യപ്പെട്ടു. സംയമനം കൈക്കൊള്ളണമെന്ന് യുഎൻ സെക്രട്ടറി ജനറല് ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷം അമർച്ച ചെയ്തില്ലെങ്കില് സ്ഥിതി ഗുരുതരമായി മാറുമെന്ന് റഷ്യയും ചൈനയും പ്രതികരിച്ചു. ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തെ എല്ലാ ഗള്ഫ് രാജ്യങ്ങളും അപലപിച്ചു.
STORY HIGHLIGHTS:Israel attack: Iran calls for urgent UN Security Council meeting