KeralaNewsPolitics

മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിൽ ചേർന്നു

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ. കെ സുരേന്ദ്രൻ ശ്രീലേഖയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. മൂന്നാഴ്ചത്തെ ആലോചനയ്ക്കു ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നും തത്ക്കാലം ഒരംഗം മാത്രമാണെന്നും ശ്രീലേഖ പ്രതികരിച്ചു. കേരള കേഡറിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ രണ്ടു വർഷം മുൻപാണ് സർവീസിൽനിന്ന് വിരമിച്ചത്.

മൂന്നാഴ്ചത്തെ ആലോചനയ്ക്കു ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ പ്രതികരിച്ചു. നരേന്ദ്ര മോദി പ്രഭാവമാണ് പാർട്ടിയിലേക്ക് എത്തിച്ചത്. മുപ്പത്തിമൂന്നര വർഷം താനൊരു നിഷ്പക്ഷയായ ഉദ്യോഗസ്ഥയായിരുന്നു. വിരമിക്കലിന് ശേഷം പല കാര്യങ്ങളും മാറിനിന്ന് കണ്ടു. അതിനു ശേഷം അനുഭവത്തിൻ്റെയും അറിവിൻ്റെയും പശ്ചാത്തലത്തിലാണ് ഇതാണ് ഏറ്റവും നല്ല വഴിയെന്ന് തെരഞ്ഞെടുത്തതെന്നും ശ്രീലേഖ വ്യക്തമാക്കി. തത്ക്കാലം ഒരംഗം മാത്രമാണെന്നും ഭാവികാര്യങ്ങൾ പിന്നീട് പറയാമെന്നും ശ്രീലേഖ പറഞ്ഞു

കേരള പോലീസിൽ ഒരുപാട് പരിഷ്കരണങ്ങൾ നടത്തിയ ധീരവനിതയാണ് ശ്രീലേഖയെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിൽ സ്ത്രീസമത്വത്തിനും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനായും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും വിപ്ലവകരമായ തീരുമാനങ്ങൾ ശ്രീലേഖ സ്വീകരിച്ചിട്ടുണ്ട്. നവരാത്രികാലത്ത് ഒരു ധീരവനിതയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ശ്രീലേഖയുമായി സംസാരിച്ചിരുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആലോചിക്കാനുള്ള സമയം നൽകണമെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. നല്ല സമയത്ത് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കാൻ കഴിയുന്ന പാർട്ടിയാണ് ബിജെപി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ആക്ഷീണമായ ശ്രമത്തിലാണ് ബിജെപിയെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

രണ്ടു വർഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പും ഒരു വർഷത്തിനകം തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ശ്രീലേഖയുടെ ബിജെപി പ്രവേശം. ചേർത്തല എഎസ്പിയായാണ് ശ്രീലേഖ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. മുൻ ഡിജിപിമാരായ ടിപി സെൻകുമാർ, ജേക്കബ് തോമസ് എന്നിവരും സർവീസിൽനിന്ന് വിരമിച്ചതിന് പിന്നാലെ ബിജെപി പാളയത്തിൽ എത്തിയിരുന്നു.

STORY HIGHLIGHTS:Former DGP R.  Srilekha joined BJP

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker