മലപ്പുറം:എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പി.വി അൻവർ എംഎല്എയുടെ പരാതികളില് നടക്കുന്ന അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളില് സർക്കാരിന് നല്കാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി.
ഇതിനൊപ്പം ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ റിപ്പോർട്ടും സമർപ്പിച്ചേക്കും. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ നീക്കണോ എന്നതില് മുഖ്യമന്ത്രി തീരുമാനമെടുക്കുക.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്ത് എം.ആർ അജിത് കുമാർ തുടരുമോ ഇല്ലയോ എന്നത് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി നേരിട്ടാണെങ്കിലും അതിനെ സ്വാധീനിക്കാൻ ശേഷിയുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടത് സംസ്ഥാന പൊലീസ് മേധാവിയാണ്. പി.വി അൻവർ എംഎല്എ നല്കിയ പത്തോളം പരാതികളിലെ അന്വേഷണം പൂർത്തിയായിക്കഴിഞ്ഞു.
അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ വിവരങ്ങള് ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന് കൈമാറിയിട്ടുണ്ട്. ഇത് അന്തിമ അന്വേഷണ റിപ്പോർട്ടാക്കുന്നതിന്റെ തിരക്കിലാണ് ഡിജിപി. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെത്തുന്ന മുറയ്ക്ക് റിപ്പോർട്ട് നല്കാനാണ് നീക്കം. ഒക്ടോബർ മൂന്നിന് മുമ്ബാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
ഇതിനൊപ്പം ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയുടെ അന്വേഷണ റിപ്പോർട്ടും സമർപ്പിക്കാൻ ഡിജിപി ആലോചിക്കുന്നുണ്ട്. ഇതില് അജിത് കുമാറിന്റെ മൊഴി ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. അജിത് കുമാറിനൊപ്പം കൂടിക്കാഴ്ചയിലുണ്ടായിരുന്ന ആർഎസ്എസ് നേതാവ് എ. ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. ജയകുമാർ മൊഴി നല്കാൻ തയാറായില്ലെങ്കില് നിലവില് കണ്ടെത്തിയ വിവരങ്ങളും രേഖപ്പെടുത്തിയ മൊഴികളും വെച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിജിപി ആലോചിക്കുന്നത്.
ഈ രണ്ട് റിപ്പോർട്ടുകളും പരിഗണിച്ച ശേഷമായിരിക്കും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ നീക്കണോ എന്നതില് മുഖ്യമന്ത്രി തീരുമാനമെടുക്കുക. പി.വി അൻവറിന്റെ പരാതികളില് പറയുന്ന കാര്യത്തില് കുറ്റം ചെയ്തതായി പ്രാഥമികമായി കണ്ടെത്തിയാല്പ്പോലും അജിത് കുമാറിനെ നീക്കേണ്ടി വരും. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില് സർവീസ് ചട്ടലംഘനം കണ്ടെത്തിയാലും നീക്കേണ്ടി വരും.
STORY HIGHLIGHTS:Inquiry against ADGP: Inquiry report within three days