ഐഎസ്എല്ലിനെ ആവേശത്തിലാഴ്ത്തി ‘ലേറ്റ് ഗോളുകള്’
കോഴിക്കോട്:അവസാനമിനിറ്റുകളിലെ ഗോളുകള് ഫുട്ബോളില് പുത്തരിയല്ല. എന്നാല്, ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഈ സീസണില് അവസാനമിനിറ്റിലെ ഗോളുകളില് ആറാടുകയാണ് ടീമുകള്.
ഇതുവരെ വന്ന 40 ഗോളുകളില് 14 എണ്ണം അവസാനഘട്ടത്തില് വന്നതാണ്. സീസണിലെ പോരാട്ടത്തിന്റെ കടുപ്പമാണ് ഇത് സൂചിപ്പിക്കുന്നത്.
ലീഗിലെ ആദ്യ 13 കളികളില് പത്തിലും 80 മിനിറ്റിനുശേഷം ഗോളുകളുണ്ടായി. ഇതില് ഒമ്ബത് ഗോളുകള് 90 മിനിറ്റിനുശേഷമായിരുന്നു. ലീഗിന് കിക്കോഫായ ആദ്യ മത്സരത്തില് മോഹൻബഗാനെതിരേ മുംബൈ സിറ്റി എഫ്.സി. സമനില പിടിക്കുന്നത് 90-ാം മിനിറ്റില് നേടിയ ഗോളിലായിരുന്നു. രണ്ടാം മത്സരത്തില് ഒഡിഷ എഫ്.സി. ചെന്നൈയിനെതിരേ അവരുടെ രണ്ടാംഗോള് നേടിയത് ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ്- പഞ്ചാബ് എഫ്.സി. മത്സരത്തില് രണ്ട് ഗോളുകള് ഇഞ്ചുറി ടൈമിലാണ് വന്നത്. ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തില് ഈസ്റ്റ് ബംഗാളിനെതിരേ വിജയഗോള് നേടിയത് 88-ാം മിനിറ്റിലാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം സീസണിന്റെ ആദ്യഘട്ടത്തില് മികച്ച പോരാട്ടവീര്യമാണ് ടീമുകള് പുറത്തെടുക്കുന്നത്. ചെറിയ ടീമുകളെന്ന് വിലയിരുത്തപ്പെട്ട പഞ്ചാബ് എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുഹമ്മദൻസ് ടീമുകള് അട്ടിമറിക്ക് കരുത്തുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്.സി,. ജംഷേദ്പുർ എഫ്.സി, ഒഡിഷ എഫ്.സി. തുടങ്ങിയ ടീമുകളും നന്നായി കളിക്കുന്നുണ്ട്. പണമൊഴുക്കിയ ടീമുകളില് ഈസ്റ്റ് ബംഗാളും മോഹൻബഗാനും മുംബൈ സിറ്റിയും ക്ലച്ചുപിടിക്കാനുണ്ട്. ചെറിയ ടീമുമായി കളിക്കുന്ന പഞ്ചാബ് എഫ്.സി.യാണ് അപ്രതീക്ഷിത കുതിപ്പ് പുറത്തെടുത്തത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ടീം ഒന്നാം സ്ഥാനത്താണ്.
STORY HIGHLIGHTS:’Late goals’ made ISL excited