Gadgets

സ്മാർട്ട്ഫോണ്‍ വിപണിയിലെ വമ്ബന്മാരുടെ പോരാട്ടത്തില്‍ സാക്ഷാല്‍ ആപ്പിളിനെ വീഴ്ത്തി

ആഗോള സ്മാർട്ട്ഫോണ്‍ വിപണിയിലെ വമ്ബന്മാരുടെ പോരാട്ടത്തില്‍ സാക്ഷാല്‍ ആപ്പിളിനെ വീഴ്ത്തി ചൈനീസ് സ്മാർട്ട്ഫോണ്‍ ബ്രാൻഡായ ഷവോമി രണ്ടാമത്.

2021 ഓഗസ്റ്റ് മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കൗണ്ടർ പോയിന്റ് റിസർച്ച്‌ ഡാറ്റ പ്രകാരം, 2024 ഓഗസ്റ്റില്‍ ആപ്പിളിനെ മറികടന്ന് ഷവോമി ആഗോള സ്മാർട്ട്ഫോണ്‍ ബ്രാൻഡുകളുടെ വളർച്ചയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സാംസങ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. ആപ്പിളും സാംസങ്ങും തമ്മിലാണ് എപ്പോഴും മത്സരം നടന്നിരുന്നത് എങ്കിലും തന്ത്രപ്രധാനമായ ചില നീക്കങ്ങളില്‍ ഉറച്ചു നിന്ന് പ്രവർത്തിച്ച ഷവോമി പതിയെ പതിയെ വളരുകയും ആപ്പിളിനെ മറികടക്കുന്ന നിലയിലേക്ക് എത്തുകയുമായിരുന്നു.

ഷവോമി മുന്നിലെത്തിയതിനും ആപ്പിള്‍ ഒരു പടി താഴേക്ക് ഇറങ്ങിയതിനും വ്യത്യസ്തങ്ങളായ ഒരുപിടി കാരണങ്ങളുണ്ട്. അ‌തില്‍ ഏറ്റവും പ്രധാനം ഷവോമി സ്വീകരിച്ച മാർക്കറ്റിങ് തന്ത്രമാണ് എന്നതില്‍ തർക്കമില്ല. കാരണം 2022, 2023 വർഷങ്ങളില്‍ വിവിധ കാരണങ്ങളാല്‍ ഷവോമിയുടെ വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടു. എന്നാല്‍ പിന്നീട് പ്രോഡ്ക്‌ട്, സെയില്‍, മാർക്കറ്റിങ് തന്ത്രങ്ങള്‍ എന്നിവയില്‍ ഷവോമി മാറ്റം വരുത്തി.

അ‌തിന് ശേഷം ക്രമാനുഗതമായ വളർച്ച ഷവോമി കാഴ്ച വയ്ക്കുന്നുണ്ട്. ഒരു സെഗ്മെന്റില്‍ നിരവധി സ്മാർട്ട്ഫോണുകള്‍ തുടർച്ചായി പുറത്തിറക്കുന്നതിന് പകരം, ഒരു പ്രൈസ് ബാൻഡിന് ഒരു ഹീറോ മോഡല്‍ എന്ന തന്ത്രം ഷവോമി പുറത്തെടുത്തു. അ‌ത് കൂടാതെ നിലവിലുള്ള വിപണികളിലെ ശക്തി ഉറപ്പിക്കുന്നതിനൊപ്പം കൂടുതല്‍ പുതിയ വിപണികളിലേക്ക് കടന്നുകയറാനും ഷവോമി ശ്രദ്ധിച്ചു.

ബജറ്റ്, മിഡ്റേഞ്ച്, പ്രീമിയം സെഗ്മെന്റുകളില്‍ ശക്തമായ സ്മാർട്ട്ഫോണുകള്‍ ഷവോമി പുറത്തിറക്കി. അ‌ള്‍ട്ര മോഡലുകളും, വിപണിയിലെ മാറ്റം തിരിച്ചറിഞ്ഞ് ഫോള്‍ഡബിള്‍ ഫോണുകളിലും ഷവോമി ശ്രദ്ധചെലുത്തി. അ‌തോടെ പ്രമുഖ വിപണികളിലെല്ലാം ഷവോമിയുടെ സാന്നിധ്യം അ‌നുഭവപ്പെടാൻ തുടങ്ങി. ഏറെ സ്വാധീനമുള്ള ഇന്ത്യക്ക് പുറമേ, ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഷവോമി പിടിമുറുക്കിയിട്ടുണ്ട്.

ഈ വിപണികളിലും സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞത് ആപ്പിളിനെ മറികടക്കുന്നതില്‍ ഷവോമിയെ വലിയ അ‌ളവില്‍ സഹായിച്ചിട്ടുണ്ട്. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകളുള്ള ഫോണുകള്‍ അ‌വതരിപ്പിക്കുന്നു എന്നതാണ് ഷവോമിയുടെ വില്‍പ്പന ഉയർത്തിയ മറ്റൊരു ഘടകം. ആക്രമണാത്മകമായ വളർച്ച നേടാൻ ഇത്തരം മികച്ച സ്മാർട്ട്ഫോണുകള്‍ ഷവോമിക്ക് കരുത്താകുന്നു. ആകർഷകമായ വിലയില്‍ 5ജി ലേബലോടെ എത്തിയ റെഡ്മി 13, നോട്ട് 13 സീരീസ് സ്മാർട്ട്ഫോണുകള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

2024 ഓഗസ്റ്റിലെ മികച്ച രണ്ടാമത്തെ സ്മാർട്ട്ഫോണ്‍ ബ്രാൻഡ് എന്ന നേട്ടം കൈവരിക്കാൻ ഈ ഘടകങ്ങള്‍ക്ക് പുറമേ ആപ്പിളിന്റെ ചില വീഴ്ചകളും ഷവോമിക്ക് സഹായകമായിട്ടുണ്ട്. കാലാനുസൃതമായ മാറ്റത്തിനൊത്ത് ഫോള്‍ഡബിള്‍ ഫോണുകള്‍ പുറത്തിറക്കാൻ ആപ്പിളിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. എന്നാല്‍ അ‌തുമാത്രമല്ല, ആപ്പിളിന് ഏറ്റവും ശക്തി കുറയുന്ന മാസമാണ് ഓഗസ്റ്റ് എന്നതും ഏറെ ശ്രദ്ധേയമാണ്.

അ‌തായത് ഓഗസ്റ്റില്‍ ഐഫോണുകളുടെ വില്‍പ്പന കുറയുക പതിവാണ്. കാരണം സെപ്റ്റംബറിലാണ് പുതിയ ഐഫോണ്‍ സീരീസുകള്‍ സാധാരണയായി ലോഞ്ച് ചെയ്യുക. ഈ സാഹചര്യത്തില്‍ പുതിയ മോഡലുകള്‍ എത്തുന്നത് കണക്കിലെടുത്ത് ആളുകള്‍ അ‌വയ്ക്കായി കാത്തിരിക്കുന്നതിനാല്‍ ഓഗസ്റ്റില്‍ വില്‍പ്പന കുറയുന്നു. സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത ഐഫോണ്‍ 16 സീരീസുകളുടെ വില്‍പ്പനയിലൂടെ ആപ്പിള്‍ ഷവോമിയെ മറികടന്ന് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് എത്തിയേക്കും.

പുതിയ ഐഫോണ്‍ 16 സീരീസ് കച്ചവടം പച്ചപിടിച്ചാല്‍ ഒരു പക്ഷേ ഒന്നാം സ്ഥാനത്തുള്ള സാംസങ്ങിനെയും മറികടക്കാൻ ആപ്പിളിന് ശേഷിയുണ്ട്. ആപ്പിള്‍ തിരിച്ചുവന്നാലും ഇല്ലെങ്കിലും ഓഗസ്റ്റിലെ ഈ അ‌ട്ടിമറി ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. സാംസങ്ങിനും ആപ്പിളിനും ഭീഷണിയാകുന്ന വിധത്തില്‍, ആഗോള സ്മാർട്ട്ഫോണ്‍ വിപണിയിലെ ഒരു സുപ്രധാന ശക്തിയായി ഷവോമി വളർന്നിരിക്കുന്നു എന്നതാണ് അ‌ത്.

STORY HIGHLIGHTS:In the fight of giants in the smartphone market, Apple has really fallen

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker