KeralaNews

മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം കുറയുന്നുവെന്ന് കണക്കുകള്‍

തിരുവനന്തപുരം:മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തില്‍ വലിയ കുറവു വരുന്നതായി ഏറ്റവും പുതിയ കുടിയേറ്റ സര്‍വേ റിപ്പോര്‍ട്ട്.

അര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഗള്‍ഫ് കുടിയേറ്റം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പതിയെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

2023ലെ സര്‍വേയുടെ അടിസ്ഥാനത്തിലുള്ള പുതിയ കണക്കുകള്‍ പ്രകാരവും ഗള്‍ഫ് കുടിയേറ്റത്തിന്റെ ട്രെന്‍ഡ് താഴേക്ക് തന്നെയാണ്. ഇപ്പോള്‍, മലയാളികള്‍ കൂടുതലായി പോകുന്നത് ബ്രിട്ടനിലേക്കും യൂറോപ്പിലേക്കും.

ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്‌മെന്റിന്റെ ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ട് മലയാളികളുടെ വിദേശ കുടിയേറ്റത്തിന്റെ മാറുന്ന ചിത്രമാണ് പുറത്തു കൊണ്ടുവരുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിദേശ കുടിയേറ്റത്തിലുണ്ടായ മാറ്റങ്ങളാണ് പഠനത്തില്‍ പറയുന്നത്. ബ്രിട്ടന്‍, യൂറോപ്പ് തുടങ്ങിയ ഗള്‍ഫ് ഇതര മേഖലകളിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒമ്ബത് ശതമാനം വര്‍ധിച്ചു.

2018 ല്‍ പ്രവാസി മലയാളികളില്‍ 10.8 ശതമാനം പേരാണ് ഗള്‍ഫ് ഇതര രാജ്യങ്ങളിലുണ്ടായിരുന്നത്. ഇപ്പോള്‍ അത് 19.5 ശതമാനമായാണ് വര്‍ധിച്ചിട്ടുള്ളത്. 2013 ന് ശേഷം ഈ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ വര്‍ധനവാണ് കണ്ടു വരുന്നത്.

കോവിഡ് കാലത്ത് കുറവുണ്ടായെങ്കിലും അതിന് ശേഷം വലിയ കുതിച്ചു ചാട്ടമുണ്ടായി. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒമ്ബത് ശതമാനത്തോളം കുറവുമുണ്ടായി.

2003 ന് ശേഷം ഗള്‍ഫ് കുടിയേറ്റത്തില്‍ കാര്യമായ വര്‍ധവനുണ്ടാവുന്നില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടിയേറുന്നവരുടെ ശതമാനത്തില്‍ കുറവുണ്ടെങ്കിലും ഇപ്പോഴും മഹാഭൂരിപക്ഷം വിദേശ പ്രവാസി മലയാളികളും ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെയാണുള്ളത്. 80.5 ശതമാനം പേരാണ് ഗള്‍ഫ് രാജ്യങ്ങളിലുുള്ളത്.

മൊത്തം പ്രവാസികളുടെ 38.6 ശതമാനം പേര്‍ താമസിക്കുന്ന യു.എ.ഇയാണ് കുടിയേറ്റത്തില്‍ മുന്നിലുള്ളത്. രണ്ടാം സ്ഥാനം സൗദി അറേബ്യക്കാണ്. 16.9 ശതമാനം. ഖത്തര്‍ (9.1), ഒമാന്‍ (6.4), കുവൈത്ത് (5.8), ബഹ്‌റൈന്‍ (3.7) എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ മലയാളികളുടെ ശതമാനക്കണക്ക്.

ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ കൂടുതല്‍ മലയാളികള്‍ കുടിയേറ്റത്തിനായി തെരഞ്ഞെടുക്കുന്നത് ബ്രിട്ടനാണ്. മൊത്തം പ്രവാസികളില്‍ ആറു ശതമാനം പേര്‍ ഇവിടെയാണുള്ളത്. കുവൈത്ത്, ബഹറൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുള്ളതിനേക്കാള്‍ പ്രവാസി മലയാളികള്‍ ബ്രിട്ടനിലുണ്ട്.

മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലായി 3.1 ശതമാനം പേരാണുള്ളത്. കാനഡ (2.5), അമേരിക്ക (2.1), ഓസ്‌ട്രേലിയ (1.5) എന്നിങ്ങനെയാണ് പട്ടികയില്‍ മുന്നിലുള്ള രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ സാന്നിധ്യം.

ന്യൂസിലാന്റ്, റഷ്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍, ഇസ്രായേല്‍, ചൈന, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ ആകെ കുടിയേറ്റത്തിന്റെ ഒരു ശതമാനത്തില്‍ താഴെ വീതമാണുള്ളത്.

വിദേശ കുടിയേറ്റത്തിന്റെ സ്ത്രീ-പുരുഷ അനുപാതവും സര്‍വേയില്‍ വ്യക്തമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ കൂടുതലും പുരുഷന്‍മാരാണ്. ആഗോള കുടിയേറ്റക്കാരില്‍ ഗള്‍ഫിലുള്ള പുരുഷന്‍മാര്‍ 85.4 ശതമാനവും ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ 14.6 ശതമാനവുമാണ്.

അതേസമയം, സ്ത്രീകള്‍ ഗള്‍ഫിനൊപ്പം ഇതര രാജ്യങ്ങളിലേക്കും കൂടുതലായി കുടിയേറുന്നു. മൊത്തം പ്രവാസി സ്ത്രീകളില്‍ 59.5 ശതമാനം ഗള്‍ഫ് രാജ്യങ്ങളിലും 40.5 ശതമാനം ഗള്‍ഫ് ഇതര രാജ്യങ്ങളിലുമാണ്.

സ്ത്രീകളായ പ്രവാസികള്‍ കൂടുതലുള്ളത് യു.എ.ഇയിലാണ്. 31.6 ശതമാനം. രണ്ടാം സ്ഥാനത്തുള്ളത് യു.കെ (14.7 ശതമാനം). സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യുറോപ്പ്, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളും സ്ത്രീ പ്രവാസികളുടെ പട്ടികയില്‍ മുന്‍ നിരയിലുണ്ട്.

STORY HIGHLIGHTS:Estimates show that the Gulf migration of Malayalis is decreasing

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker